ഇന്ത്യൻ പതാക വേണ്ടെന്നു ദിവാന്റെ കൽപന; തള്ളിക്കളഞ്ഞ് പട്ടം: സ്വാതന്ത്ര്യത്തിനായി രക്തം ചിന്തിയ നാട്
Mail This Article
തിരുവനന്തപുരം ∙ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തിന്റെ ആവേശപ്പകിട്ടിലാണ് രാജ്യം. എങ്ങും അഭിമാനമായുയർന്ന ദേശീയപതാകകളും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച ആഘോഷങ്ങളും. എന്നാൽ 78 വർഷം മുൻപുള്ള സ്വാതന്ത്ര്യപ്പൊൻപുലരിയിൽ തിരുവനന്തപുരത്തെ സ്ഥിതി വ്യത്യസ്‌തമായിരുന്നു. തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ നിർദേശമനുസരിച്ച് ഹജൂർ കച്ചേരിയുടെ (ഇന്നത്തെ സെക്രട്ടേറിയേറ്റ്) എല്ലാ വാതിലുകളും സ്വാതന്ത്ര്യലബ്ധി ആഘോഷങ്ങൾക്കു മുന്നിൽ കൊട്ടിയടയ്‌ക്കപ്പെട്ടു. ഒടുവിൽ തലസ്ഥാനത്ത് പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ത്രിവർണ പതാക ഉയർന്നതാകട്ടെ വൈഎംസിഎയിലും.
വൈഎംസിഎ മന്ദിര പരിസരത്ത് അന്നത്തെ പകലിന്റെ ഓർമയ്‌ക്കായി സ്ഥാപിച്ച ഒരു ശിലാസ്‌തൂപം ഇപ്പോഴുമുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകരാണ് വൈഎംസിഎയിൽ 1947 ഓഗസ്റ്റ് 15ന് രാവിലെ 7.30ന് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിച്ചത്. പതാക ഉയർത്തിയതിനു ശേഷം പട്ടം പ്രസംഗിച്ചതായി വൈഎംസിഎയുടെ അന്നത്തെ വാർഷിക റിപ്പോർട്ടിലുണ്ടെന്ന് ചരിത്രകാരൻ എം.ജി. ശശിഭൂഷൺ പറയുന്നു.
ഹജൂർ കച്ചേരിയിൽ പതാക ഉയർത്താൻ തീരുമാനിച്ച പ്രവർത്തകർ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ വൈഎംസിഎയിൽ നിന്നാണ് പുറപ്പെട്ടത്. പക്ഷേ അതിന്റെ വളപ്പിലേക്കു പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല. സർ സിപിയുടെ ഉത്തരവനുസരിച്ചായിരുന്നു അത്. തുടർന്ന് വൈഎംസിഎയിൽ തിരികെയെത്തി പതാക ഉയർത്തിയാണ് സി.പിയുടെ കൽപന മറികടന്നത്. സ്വാതന്ത്ര്യത്തിനു മൂന്നു ദിവസം മുൻപ്, തിരുവിതാംകൂറിൽ ഒരിടത്തും ഇന്ത്യൻ പതാക ഉയർത്താൻ പാടില്ലെന്ന് സി.പിയുടെ വിളംബരം വന്നിരുന്നു. തിരുവിതാംകൂറിന്റെ ശംഖുമുദ്രയുള്ള പതാക മാത്രമേ ഉയർത്താൻ പാടുള്ളൂ എന്നായിരുന്നു കൽപന.
ജൂലായ് 25നുണ്ടായ ആക്രമണത്തെ തുടർന്ന് ഭക്തിവിലാസം കൊട്ടാരത്തിൽ വിശ്രമത്തിലായിരുന്നു സി.പി. ഓഗസ്റ്റ് 19നാണ് സി.പി തിരുവിതാംകൂർ വിട്ടത്. ആശയവിനിമയമാർഗങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത്, സ്വാതന്ത്ര്യദിന രാത്രിയിൽ ശ്രീകണ്‌ഠേശ്വരം പാർക്കിൽ റേഡിയോയ്‌ക്ക് ചുറ്റും ആളുകൾ കൂടിയിരുന്നതായി ചരിത്രകാരന്മാർ പറയുന്നു. സ്റ്റേറ്റ് കോൺഗ്രസുകാർ ജയഭേരി മുഴക്കിയും പടക്കം പൊട്ടിച്ചും നഗരത്തിൽ പ്രകടനം നടത്തി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയ വിവരം ബഹുഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല.
∙ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക
1948ൽ സ്വാതന്ത്ര്യത്തിന്റെ ഒന്നാം വാർഷികത്തിലാണ് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ആദ്യമായി ദേശീയപതാക ഉയരുന്നത്. തിരു-കൊച്ചി പ്രധാനമന്ത്രി പട്ടം താണുപിള്ളയാണ് പതാക ഉയർത്തിയത്. പട്ടാളത്തിന്റെ റൂട്ട് മാർച്ചുമുണ്ടായിരുന്നു. തുറന്ന ജീപ്പിൽ പ്രധാനമന്ത്രിയും മന്ത്രിമാരും കനകക്കുന്ന് വഴി നടത്തിയ ആഹ്ലാദപ്രകടനം പാങ്ങോട്ടു സമാപിച്ചു. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിയ രാജകുടുംബാംഗങ്ങൾ കനകക്കുന്ന് കൊട്ടാരത്തിനു മുന്നിലിരുന്ന് അഭിവാദ്യം സ്വീകരിച്ചു. ഇതിനുശേഷം എല്ലാ വർഷവും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷം സെൻട്രൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
∙ തലപ്പൊക്കെമായി വേലുത്തമ്പി ദളവ
ഒന്നാം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ കഴിയാതെ പോയെങ്കിലും ഏഴരപ്പതിറ്റാണ്ട് നീളുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിനൊപ്പം തന്നെ തലപ്പൊക്കമുണ്ട് തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ സമരപോരാട്ടത്തിന്. 1721 ഏപ്രിൽ 14ന് നടന്ന ആറ്റിങ്ങൽ കലാപത്തിനും 1741ൽ നടന്ന കുളച്ചൽ യുദ്ധത്തിനും ശേഷം ബ്രിട്ടിഷ് മേൽക്കോയ്‌മയ്‌ക്കെതിരെ വേലുത്തമ്പി ദളവ തുടങ്ങിവച്ച പോരാട്ടം സ്വാതന്ത്ര്യസമരത്തിന്റെ ആരംഭകാലത്തെ ശ്രദ്ധേയമായ ഏടായിരുന്നു. 1809 ജനുവരി 11ലാണ് വേലുത്തമ്പി കുണ്ടറ വിളംബരം നടത്തിയത്. ഒന്നാം സ്വാതന്ത്ര്യസമരത്തിനും 136 വർഷം മുൻപു തന്നെ തിരുവിതാംകൂറിൽ വെള്ളക്കാർക്കെതിരെ പോരാട്ടങ്ങൾ തുടങ്ങിയിരുന്നു. ആത്മഹത്യ ചെയ്‌ത വേലുത്തമ്പി ദളവയുടെ മൃതദേഹം കൊണ്ടുവന്ന് തലകീഴായി കെട്ടിത്തൂക്കിയത് ദിവാൻകുന്നിലെ ചെറിയ പള്ളിയിലായിരുന്നു. (ഇന്നത്തെ കണ്ണമ്മൂല ജോൺ കോക്സ് മെമ്മോറിൽ സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി )
∙ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ സമരം
സ്വാതന്ത്ര്യ സമര പോരാളികളെയും സംഘടനകളെയും ദിവാൻ പൊലീസിനെ ഉപയോഗിച്ച് നേരിട്ടതോടെ തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധമിരമ്പി. അന്ന് റെയിൽവേ ബ്രിട്ടിഷ് ഭരണത്തിനു കീഴിലായതിനാൽ സ്റ്റേഷനിൽ തിരുവിതാംകൂർ ഭരണകൂടത്തിന് നിയമനടപടിയെടുക്കാനാവില്ല. ഇത് അവസരമാക്കി ട്രെയിനിൽ വന്നിറങ്ങിയ സമര നേതാക്കൾ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തു മൈതാനത്ത് (ഇന്നത്തെ പാർക്കിങ് ഏരിയ) തടിച്ചുകൂടിയവരെ അഭിസംബോധന ചെയ്‌തു.
1938 ൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കളെയെല്ലാം അറസ്റ്റു ചെയ്തപ്പോൾ അവരെ വിട്ടയയ്‌ക്കാൻ രാജാവിനു നിവേദനം നൽകാനായി അക്കാമ്മ ചെറിയാൻ വന്നിറങ്ങിയതും തമ്പാനൂർ സ്റ്റേഷനിലാണ്. രാജാവിന്റെ പിറന്നാൾ ദിനത്തിൽ അട്ടക്കുളങ്ങരയിൽ കോട്ടയ്‌ക്കകത്തുവച്ച് നിവേദനം നൽകാനായിരുന്നു വരവ്. സ്റ്റേഷനിൽനിന്ന് തുറന്ന ജീപ്പിൽ കയറിയ അക്കാമ്മ ചെറിയാനെയും കൂട്ടരെയും കുതിരപ്പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വെടിവയ്‌ക്കുമെന്ന ഭീഷണിക്കു മുന്നിൽ അക്കാമ്മ വഴങ്ങിയില്ല.
∙ ദിവാൻ സുല്ലിട്ട വട്ടിയൂർക്കാവ്
1938ൽ വട്ടിയൂർക്കാവ് മൈതാനത്ത് നടന്ന സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനം ദിവാന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയായിരുന്നു. നിയമം ലംഘിച്ച് സമരം ചെയ്‌തതിനെ തുടർന്ന് പട്ടം താണുപിള്ളയെ അറസ്റ്റു ചെയ്‌തതിൽ പ്രതിഷേധിച്ചായിരുന്നു ഇപ്പോൾ ഐഎസ്ആർഒ സെന്റർ പ്രവർത്തിക്കുന്ന സ്ഥലത്തെ സമ്മേളനം. രണ്ടുമാസം ഈ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഭീഷണിക്കു വഴങ്ങാതെ സമീപ മേഖലയിൽ നിന്നടക്കം പ്രവർത്തകർ സമ്മേളനത്തിനെത്തി. എ. കുഞ്ഞൻ നാടാരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നികുതി അടയ്ക്കില്ലെന്ന പ്രമേയവും പാസാക്കി. പിന്നാലെ നേതാക്കൾ അറസ്റ്റിലായി.
∙ വിപ്ലവഭൂമിയായ പേട്ട മൈതാനം
1947 ജൂലായ് 13നായിരുന്നു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ അവസാന വെടിവയ്‌പും രക്തസാക്ഷിത്വവും നടന്നത്. പേട്ട കാഞ്ഞിരവിളാകം ദേവീക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനത്തിനിടെയാണ് പൊലീസ് ലാത്തിച്ചാർജും തുടർന്ന് പട്ടാളത്തിന്റെ വെടിവയ്പുമുണ്ടായത്. പപ്പുട്ടി, ചെല്ലൻ നാടാർ എന്നിവർ തൽക്ഷണം മരിച്ചു. വെടിയേറ്റ 14കാരൻ രാജേന്ദ്രൻ സ്വാതന്ത്ര്യലബ്ധിക്കുശേഷം സെപ്‌റ്റംബർ 26ന് മരിച്ചു. വെടിവയ്പിൽ കാലുകൾ നഷ്ടപ്പെട്ട കൊഞ്ചിറവിളാകം വാസുദേവൻപിള്ളയും ഊരൂട്ടമ്പലം എൻ. കൃഷ്ണൻകുട്ടിയും ജീവിക്കുന്ന രക്തസാക്ഷികളായി.
∙ സ്വാതന്ത്ര്യത്തുടിപ്പായി കല്ലറയും പാങ്ങോടും
ഗാന്ധിജിയുടെ നിസഹകരണ ആശയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രാമത്തിലെ ജനങ്ങൾ ചന്തയിൽ ചുങ്കം നൽകില്ലെന്നു തീരുമാനിച്ചു. നികുതി പിരിവുകാരെ ആട്ടിപ്പായിച്ചതിനു പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നേതാവായ കൊച്ചാപ്പി പിള്ളയെ പിടികൂടി തല്ലിച്ചതച്ചു. ഇതിൽ പ്രതിഷേധിച്ച് 1938 സെപ്‌റ്റംബർ 30ന് ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ പട്ടാളം വെടിയുതിർത്തു. പ്ലാങ്കീഴ് കൃഷ്ണപിള്ളയും കൊച്ചുനാരായണൻ ആശാരിയും വെടിയേറ്റ് മരിച്ചു. പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന കുറ്റം ചുമത്തി കൊച്ചാപ്പി പിള്ളയെയും പട്ടാളം കൃഷ്‌ണനെയും പിന്നീട് ഭരണകൂടം തൂക്കിലേറ്റി. ജമാൽ ലബ്ബയ്ക്ക് ജീവപര്യന്തം തടവും വിധിച്ചു.