ADVERTISEMENT

തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കി ഉയര്‍ന്ന ‘കാഫിര്‍’ വാട്‌സാപ് സന്ദേശവിവാദം ഒടുവില്‍ സിപിഎമ്മിനെത്തന്നെ പ്രതിരോധത്തിലാക്കുന്നു. വടകര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ ഉള്‍പ്പെടെ സംശയത്തിന്റെ മുള്‍മുനയില്‍നിര്‍ത്തി സിപിഎം വ്യാപകമായി ഉപയോഗിച്ച പ്രചാരണായുധമാണ് ഇപ്പോള്‍ നേരെ തിരിഞ്ഞ് സംഘടനയുടെ നെഞ്ചിലേക്കു പായുന്നത്. വടകര മണ്ഡലത്തില്‍ വിവാദമായ വ്യാജ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിനെപ്പറ്റിയുള്ള അന്വേഷണം ഇടതു വാട്‌സാപ് ഗ്രൂപ്പുകളില്‍ എത്തിനില്‍ക്കുന്നതായാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ 'കാഫിര്‍' എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ട് പോളിങ്ങിന്റെ തലേദിവസം വ്യാപകമായി പ്രചരിപ്പിച്ചത് ആരായാലും സമൂഹത്തില്‍ വലിയതോതില്‍ വര്‍ഗീയഭിന്നത സൃഷ്ടിച്ച് വോട്ട് ഏകീകരിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതാണ് കുറ്റകൃത്യത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഉറവിടം കണ്ടെത്തി കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കിടയില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. വിവാദസന്ദേശം പുറത്തുവിട്ടയാളെന്ന് സിപിഎം ആരോപിച്ച എംഎസ്എഫ് ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് കാസിമിന് വിഷയത്തില്‍ പങ്കില്ലെന്ന് പൊലീസ് ആദ്യം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ഇപ്പോള്‍ സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പുകളിലേക്ക് എത്തിയിരിക്കുന്നത്.

വിവാദം കോണ്‍ഗ്രസിന്റെയും ലീഗിന്റെയും തലയില്‍ ചാരി സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്തു വന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. വോട്ട് കിട്ടാന്‍ ഏതു ഹീനമായ മാര്‍ഗവും സ്വീകരിക്കുമെന്ന് സിപിഎം ഇതോടെ തെളിയിച്ചിരിക്കുന്നു. മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സിപിഎം ശ്രമിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് സമാനമായ വിദ്വേഷപ്രവര്‍ത്തമാണ് സിപിഎം നടത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണെന്നും എന്തകൊണ്ടാണ് കേസ് എടുക്കാത്തതെന്നും ഷാഫ് പറമ്പില്‍ ചോദിച്ചു. സിപിഎം സമൂഹത്തോടു മാപ്പ് പറയണമെന്നും ഷാഫി പറഞ്ഞു.

വ്യാജ 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരായാലും കണ്ടെത്തി നടപടിയെടുക്കണമെന്നാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.കെ.ശൈലജ പ്രതികരിച്ചത്. പേജ് നിര്‍മിച്ചത് ആരാണെങ്കിലും അവർ ഇടതുപക്ഷത്തിന് എതിരാണെന്നും ശൈലജ പറഞ്ഞു. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും പ്രക്ഷുബ്ധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പോസ്റ്റ് നിര്‍മിച്ചയാളെ പൊലീസ് കണ്ടെത്തിയോ എന്നു പ്രതിപക്ഷം ചോദിച്ചപ്പോള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് വിവരം കിട്ടിയാലേ പറയാനാകൂ എന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്റെ മറുപടി. വിവാദത്തില്‍ ആരോപണവിധേയയായ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ.ലതികയെ മന്ത്രി ന്യായീകരിക്കുകും ചെയ്തിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരത്തിയാണ് ഭരണപക്ഷം സഭയില്‍ പ്രതിരോധം സൃഷ്ടിച്ചത്.

കാര്യങ്ങള്‍ മാറിയത് കാസിമിന്റെ ഹര്‍ജിയോടെ

എംഎസ്എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ 'കാഫിര്‍' എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ട് പോളിങ്ങിന്റെ തലേദിവസമാണ് വടകരയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയം എന്ന രീതിയില്‍ സിപിഎം കേന്ദ്രങ്ങള്‍ ഈ പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കുറ്റ്യാടി മുന്‍ എംഎല്‍എ കെ.കെ.ലതിക അടക്കം ഇതു ഫെയ്സ്ബുക് പേജില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടു സിപിഎം നേതാവ് വടകര പൊലീസില്‍ പരാതി നല്‍കി. ‘യൂത്ത് ലീഗ് നെടുമ്പ്രമണ്ണ’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍നിന്ന് കാസിമിന്റെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടാണ് പ്രചരിച്ചത്.

എന്നാല്‍ കോഴിക്കോട് റൂറല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാസിമിന്റെ ഫോണ്‍ പരിശോധിച്ചതില്‍നിന്ന്, ഇത്തരമൊരു പോസ്റ്റ് ആ ഫോണില്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നു പൊലീസ് കണ്ടെത്തി. ഇത്തരമൊരു വാട്‌സാപ് ഗ്രൂപ്പ് നിലവിലുണ്ടോ എന്ന കാര്യവും കാസിമിന്റെ പേരിലുള്ള മൊബൈല്‍ നമ്പറുകളില്‍ എത്ര വാട്‌സാപ് ഗ്രൂപ്പുകളുണ്ടെന്ന് കണ്ടെത്താനുമുള്ള നടപടികളും സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിക്കുകയാണെന്ന് മുഹമ്മദ് കാസിം പരാതിപ്പെട്ടതോടെയാണ് സംഭവത്തിന്റെ ദിശ മാറിയത്. പൊലീസില്‍ പരാതിപ്പെട്ട മുഹമ്മദ് കാസിം അന്വേഷണം നീതിപൂര്‍വമല്ലെന്നു പിന്നീട് ഹൈക്കോടതിയിലും ഹര്‍ജി നല്‍കി. കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണു പൊലീസ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവരെ കണ്ടെത്തിയിട്ടും പൊലീസ് പ്രതികളാക്കുന്നില്ല എന്നു കാട്ടി കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് മുഹമ്മദ് കാസിം.

ഇടതിന് 'റെഡ് എന്‍കൗണ്ടര്‍'

സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതിന്റെ അന്വേഷണം ഇടത് വാട്‌സാപ് ഗ്രൂപ്പുകളില്‍ എത്തിനില്‍ക്കുന്നതായാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 'റെഡ് എന്‍കൗണ്ടര്‍' എന്ന ഇടത് അനുകൂല വാട്‌സാപ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തയാള്‍ ഉറവിടം വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ആരാണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ആദ്യം വ്യക്തമാക്കിയ പൊലീസിനോടു കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കടുത്ത നിലപാട് കോടതി സ്വീകരിച്ചതോടെയാണ് ഇടത് അനുകൂല ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.

വ്യാജ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫെയ്സ്ബുക് പേജിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പേജ് അഡ്മിനായ മനീഷ് മനോഹരന്റെ ഫോണില്‍ പോളിങ്ങിന്റെ തലേദിവസം ഉച്ചയ്ക്ക് 2.34ന് 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍ നിന്ന് ഈ പോസ്റ്റ് സ്വീകരിച്ചിരുന്നു. 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍റാമിന് ഉച്ചയ്ക്ക് 2.13ന് 'റെഡ് എന്‍കൗണ്ടേഴ്‌സ്' എന്ന ഗ്രൂപ്പില്‍ നിന്നാണ് പോസ്റ്റ് ലഭിച്ചത്. റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് അവിടെ അത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണു സ്‌ക്രീന്‍ ഷോട്ട് കിട്ടിയതെന്നു വ്യക്തമാക്കാന്‍ റിബേഷ് തയാറാകാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഉറവിടം വെളിപ്പെടുത്താത്തതിനാല്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത 'പോരാളി ഷാജി' പേജിന്റെ അഡ്മിനായ വഹാബിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് ഫെയ്സ്ബുക്കും വാട്‌സാപും ഇതുവരെ മറുപടി നല്‍കാത്തതിനാല്‍ പ്രതികള്‍ ആരെന്ന നിഗമനത്തില്‍ എത്താനാകില്ലെന്നും പൊലീസ് പറയുന്നു. 'പോരാളി ഷാജി' പേജില്‍നിന്ന് വ്യാജ പോസ്റ്റ് നീക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടും നീക്കാത്തതിനെ തുടര്‍ന്നു ഫെയ്‌സ്ബുക്കിന്റെയും വാട്സാപിന്റെയും മാതൃകമ്പനിയായ മെറ്റയെ കേസില്‍ മൂന്നാം പ്രതിയാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

English Summary:

'Kafir' Screenshot Backfires: Police Probe Leads to Pro-CPM WhatsApp Groups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com