‘കെ.സുധാകരനെതിരെ തെളിവുണ്ട്’; ഇ.പി. ജയരാജൻ വധശ്രമക്കേസിൽ അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി∙ ഇ.പി. ജയരാജൻ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ. സുധാകരനു ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ അപ്പീലില്‍ പറയുന്നു.
സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി.ഹമീദാണ് അപ്പീൽ സമർപ്പിച്ചത്. ഇ.പി. ജയരാജൻ വധശ്രമ കേസിൽ സുധാകരനെതിരെ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. അതേസമയം, സുധാകരനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കുന്നത്.
ആന്ധ്രാപ്രദേശിൽ റജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാണ് ആവശ്യം. 1995 ഏപ്രില്‍ 12 നാണ് ഇ.പി. ജയരാജനെതിരെ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ട്രെയിനിൽ കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.