ഗാസ വെടിനിർത്തൽ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കും: ബൈഡൻ
Mail This Article
ന്യൂ ഒർലിയൻസ് ∙ ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു ബൈഡന്റെ മറുപടി. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ മാത്രമേ ഇസ്രയേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം.
അതേസമയം, ഹമാസ് – ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാൻ വ്യാഴാഴ്ച ആരംഭിക്കുന്ന ചർച്ചകളിൽ ഇസ്രയേലും ഹമാസും പങ്കെടുക്കണമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ആവശ്യപ്പെട്ടു. ചർച്ചകളിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹമാസ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കരീൻ ജീൻ പിയറിയുടെ പ്രതികരണം. ‘ചർച്ചകൾക്കായി ഇരുവിഭാഗവും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സംഘർഷങ്ങൾക്ക് അയവു വരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം വെടിനിർത്തൽ കരാറാണെന്ന് വിശ്വസിക്കുന്നു’ – പ്രസിഡന്റ് ജോ ബൈഡന്റ ന്യൂ ഒർലിയൻസിലേക്കുള്ള യാത്രാമധ്യേ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കരീൻ ജീൻ പിയറി.
കഴിഞ്ഞ മാസം ഹമാസ് മേധാവിയെ ടെഹ്റാനിൽ വധിച്ച സംഭവത്തിൽ തിരിച്ചടി നൽകാൻ അവകാശമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കിയിരുന്നു. ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങളോടു പാശ്ചാത്യലോകം പുലർത്തുന്ന മൗനം നിരുത്തരവാദപരമാണെന്നും പറഞ്ഞു. വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെ ആക്രമിക്കില്ലെന്ന സൂചനയും ഇതിനിടെ ഇറാൻ അധികൃതർ നൽകിയതായി റിപ്പോർട്ടുണ്ട്.