ആശങ്കയായി മഴ, വയനാട്ടിൽ തിരച്ചിൽ തുടരുന്നു; അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം വൈകും
Mail This Article
മേപ്പാടി∙ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. വിദഗ്ധ സംഘം ഉരുൾബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. ജില്ലയിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിലെ ക്യാംപിലാണ് ഇവർ താമസിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്നു നടത്താനാണ് തീരുമാനം.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പെടെ 401 ഡിഎൻഎ പരിശോധന കഴിഞ്ഞു. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്നു തിരിച്ചറിഞ്ഞു. 121 പുരുഷന്മാരും 127 സ്ത്രീകളെയുമാണ് തിരിച്ചറിഞ്ഞത്. 437 ശരീര ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം ഇനിയും വൈകും.
ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കി ആളെ തിരിച്ചറിയലാണ് അടുത്ത ഘട്ടം. 119 രക്ത സാംപിളാണ് ഇതിനായി ശേഖരിച്ചത്. ഈ ഫലം കൂടി കിട്ടിയാൽ മരിച്ചവരുടെ എണ്ണത്തിലും ഇവരുടെ വിവരങ്ങളിലും വ്യക്തത വരും. സർക്കർ കണക്കിൽ ഇതുവരെ 231 മരണമാണ് സ്ഥിരീകരിച്ചത്. 128 പേരെ കാണാതായി.
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിനു നൽകേണ്ട വിവരങ്ങൾ അതിവേഗം തയാറാക്കാനുള്ള നടപടികളും സ്വീകരിക്കും. ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്കു മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന. വാടകവീടുകൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടെത്തും.