പാർട്ടിയും പിണറായിയും കൈവിട്ടു; ഉയരത്തിൽനിന്നു വീഴ്ച: ഇനി തിരിച്ചുവരവുണ്ടോ ഇ.പിക്ക്?
Mail This Article
തിരുവനന്തപുരം ∙ ഒരിക്കൽ സിപിഎമ്മിൽ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു ഇ.പി.ജയരാജൻ. എൽഡിഎഫ് കൺവീനറായിരിക്കെ ഇപ്പോഴത്തെ വീഴ്ച വലിയ ഉയരത്തിൽനിന്നാണ്. സ്വയം വീണതാണോ വീഴ്ത്തിയതാണോ എന്നറിയാൻ സംഘടനാതല നടപടികൾ എന്താണെന്ന് അറിയേണ്ടതുണ്ട്.
നാളെ പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെയാണ് ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താകുന്നത്. ആരും പാർട്ടിക്ക് അതീതരല്ല എന്ന സന്ദേശമാണോ ഇതിലൂടെ സിപിഎം നൽകുന്നത്? വിഭാഗീയത രൂക്ഷമായിരുന്ന സമയത്ത് പിണറായി വിജയനെയും വി.എസ്.അച്യുതാനന്ദനെയും പിബിയിൽനിന്നു പുറത്താക്കിയശേഷം പാർട്ടി സ്വീകരിക്കുന്ന കടുത്ത നടപടി. കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ.പി. അതിൽനിന്നും ഒഴിവാക്കുമോയെന്നു വ്യക്തമല്ല. നടപടിയുണ്ടായതായി പാർട്ടി കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക തീരുമാനം പുറത്തു വന്നിട്ടില്ല. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ വൈകിട്ട് മാധ്യമങ്ങളെ കാണും.
വിവാദങ്ങളിൽ സംരക്ഷിച്ച പിണറായി വിജയൻ കൈവിട്ടതോടെയാണ് ഇ.പി.യുടെ വാക്കുകൾ പാർട്ടിയിൽ ദുർബലമായത്. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ പാർട്ടി സെക്രട്ടറി സ്ഥാനം ഇ.പി ആഗ്രഹിച്ചിരുന്നു. പിബിയിലെത്തുമെന്നും പ്രതീക്ഷിച്ചു. പാർട്ടിയിൽ തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമാക്കിയതോടെ പിണറായിയിൽനിന്നും പാർട്ടിയിൽനിന്നും ഇ.പി അകന്നു. ഇപ്പോഴത്തെ നടപടിയിലൂടെ, എം.വി.ഗോവിന്ദന് ഒപ്പമാണ് പാർട്ടിയും നേതൃത്വവുമെന്ന സന്ദേശമാണ് പിണറായി ഉൾപ്പെടെയുള്ള നേതാക്കൾ നൽകുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളാണ് എൽഡിഎഫ് കൺവീനർ സ്ഥാനം വഹിച്ചിട്ടുള്ളത്. പാർട്ടി അധികാരത്തിലിരിക്കേ കൺവീനർ സ്ഥാനം നൽകിയെങ്കിലും ഇപി പാർട്ടി വലയത്തിനു പുറത്തേക്ക് സ്വയം പോയി. മുന്നണി യോഗം യഥാസമയം വിളിക്കാതെയും യോഗങ്ങളിൽ പങ്കെടുക്കാതെയും പരസ്യമായി പ്രതിഷേധിച്ചു.
കണ്ണൂരിലെ റിസോർട്ടിലെ കുടുംബ ഷെയറിന്റെ പേരിലും വിവാദത്തിലായി. അപ്പോഴെല്ലാം പാർട്ടി മുതിർന്ന നേതാവിനെ തിരുത്തി സംരക്ഷിച്ചു. ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയെന്നു ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം രാവിലെ തുറന്നു സമ്മതിച്ചതോടെ സിപിഎം നേതാക്കളും നിലപാട് മാറ്റി. ജയരാജന് ജാഗ്രതയില്ലെന്ന് പിണറായി വിജയൻ തുറന്നടിച്ചു. ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം ജയരാജനെക്കുറിച്ചുള്ള നടപടി ചർച്ച ചെയ്തിരുന്നു. പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ഇപിയുടെ വാദം തള്ളി.
വൈരുധ്യാത്മക ഭൗതികവാദമാണ് പാർട്ടി തത്വസംഹിത. വൈരുധ്യം നിറഞ്ഞതാണ് ജയരാജന്റെ രാഷ്ട്രീയ ജീവിതം. ആ വൈരുധ്യങ്ങളാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും. ഒരിക്കൽ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങിയ ആളാണ് ജയരാജൻ. എൺപതുകളിൽ എം.വി.രാഘവൻ പാർട്ടിയിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന തോന്നലിനെ തുടർന്നാണ് ഇ.പി ഗൾഫിലേക്ക് ജോലി തേടി പോകാൻ തീരുമാനിച്ചത്. നിരവധി വധശ്രമങ്ങളെ അതിജീവിച്ച്, കഴുത്തിൽ അക്രമി നിറയൊഴിച്ച വെടിയുണ്ടയുമായി ജീവിക്കുന്ന ഇ.പി.ജയരാജൻ തന്നെയാണ് ബന്ധുനിയമനക്കേസിൽപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ചത്. ജയരാജന്‍ വിവാദങ്ങളെ പിന്‍തുടരുകയായിരുന്നില്ല; ക്ഷണിച്ചു വരുത്തുകയായിരുന്നെന്നു പറയാം.
‘ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും’ എന്നു പറയുന്നതുപോലെ ജയരാജന്റെ മുന്‍വിചാരമില്ലാത്ത വാക്കുകളും പ്രവൃത്തികളും പാർട്ടിയെ പ്രതിരോധത്തിലാക്കി എന്നു കരുതുന്ന നേതാക്കളുണ്ട്. സൗഹൃദങ്ങളിൽ വേണ്ടത്ര ജാഗ്രത ഇ.പി കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസം രാവിലെ, വി.എസ്.അച്യുതാനന്ദൻ ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. സമാനമായ സാഹചര്യമാണ് പ്രകാശ് ജാവഡേക്കറുമായി ഇ.പി വീട്ടിൽ നടത്തിയ കൂടിക്കാഴ്ച മൂലവും ഉണ്ടായത്. തിരഞ്ഞെടുപ്പു കാലത്തുപോലും ഉണ്ടായ ആ ജാഗ്രതക്കുറവിനെ പാർട്ടി ഗൗരവത്തിലെടുത്തു.
പാർട്ടിയിലെ വിഎസ് പക്ഷത്തെ വെട്ടിനിരത്താൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന നേതാവാണ് ഇപി. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനും ഫാരിസ് അബൂബക്കറും വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനുമൊക്കെ സുഹൃത്തുക്കളുടെ പട്ടികയിൽ ഇടംപിടിച്ചപ്പോൾ ഇപി വിവാദനായകനായി. കണ്ണൂരിൽ വെട്ടുകല്ലിനെതിരെ പാർട്ടി സമരം നടത്തിയ കാലത്തു സ്വന്തം വീട് വെട്ടുകല്ലു കൊണ്ടു നിർമിച്ച് വിവാദത്തിൽപെട്ടു. കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന ജയരാജൻ കുട്ടനാട്ടിൽ ആഡംബര കാറിൽ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയതും ചർച്ചയായി. ‘എന്നും കട്ടൻ ചായയും പരിപ്പുവടയും കഴിച്ചിരുന്നാൽ പാർട്ടി വളരില്ല’ എന്ന ഇ.പിയുടെ പ്രയോഗം വാർത്തയും വിവാദവുമായി.
ജയരാജൻ മന്ത്രിയായിരിക്കെ, ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തിൽ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകൾ വലിയ വിവാദമുണ്ടാക്കി. മന്ത്രിസ്ഥാനം നഷ്ടമാകുന്നതിലാണ് അത് അവസാനിച്ചത്. പിന്നീട് പിണറായി വിജയന്റെ പിന്തുണയിൽ തിരിച്ചുവന്നു. പേരുപോലെ തന്നെ, തിരിച്ചടികൾക്കൊടുവിൽ ജയം നേടാറുള്ള നേതാവാണ് ജയരാജൻ. തെറ്റുകൾ വരുത്തുമ്പോൾ ശാസന ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും പിന്നീട് ശക്തനായി തിരിച്ചെത്തിയതാണ് ചരിത്രം. പാർട്ടിയിൽ സ്ഥാനങ്ങൾ വഹിക്കാൻ പ്രായപരിധി മാനദണ്ഡമുണ്ട്. ജയരാജൻ അതിന്റെ പരിധിയിലേക്ക് എത്താൻ അധികകാലമില്ലെന്നിരിക്കെ, ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോയെന്ന് കാത്തിരുന്നു കാണണം.