ADVERTISEMENT

ചേർത്തല ∙ വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നു കണ്ടെത്തിയതിനെത്തുടർന്നു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് പല്ലുവേലി കായിപ്പുറം വീട്ടിൽ ആശ (35), പല്ലുവേലി പണിക്കാശ്ശേരി റോഡിൽ രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെയാണു ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

രതീഷിന്റെ വീട്ടുവളപ്പിൽ‍ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ ജഡം സംഭവം വാർത്തയായതോടെ പുറത്തെടുത്തു ശുചിമുറിയിൽ വച്ചിരിക്കുകയായിരുന്നു. മൃതദേഹം കത്തിക്കുകയായിരുന്നു ഉദ്ദേശ്യമെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

രതീഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
രതീഷിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

പ്രസവശേഷം ആശുപത്രി വിട്ട ആശയെ അന്വേഷിച്ചു വീട്ടിലെത്തിയ ആശാ പ്രവർത്തകർ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതകം പുറത്തുകൊണ്ടുവന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്കു കുഞ്ഞിനെ ദത്തു നൽകിയെന്നാണ് ആശ ഇവരോടു പറഞ്ഞത്. ആശാ പ്രവർത്തകർ നൽകിയ വിവരം പഞ്ചായത്ത് അധികൃതർ പൊലീസിനു കൈമാറി. അന്വേഷണത്തിൽ ഇതു കളവാണെന്നു ബോധ്യപ്പെട്ടു. 

ആശയിൽ നിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരും വേറെ കുടുംബമായി കഴിയുന്നവരുമാണ്. 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു കൊലപ്പെടുത്തിയത്.

കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ്  ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറിയെന്നാണു വിവരം.

യുവതി പ്രസവിച്ച കുഞ്ഞിനെ കാണാനില്ലെന്ന് ഇന്നലെ രാവിലെ മുതൽ ദൃശ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ രതീഷ് കുഞ്ഞിന്റെ ജഡം പുറത്തെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിനു കൊടുത്തുവിട്ടതായി ആശ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അരുൺ, എസ്ഐ കെ.പി.അനിൽ കുമാർ എന്നിവർ ആശുപത്രിയിൽ നിന്നു വിവരം ശേഖരിച്ച ശേഷമാണ് ആശയെ ചോദ്യം ചെയ്തത്. തുടർന്നു രതീഷിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ഇയാളും സമ്മതിച്ചു.

വീട്ടിലെ ശുചിമുറിക്കു പുറത്താണു കുഴിച്ചിട്ടിരുന്നത്. പുറത്തെടുത്തു ശുചിമുറിയിൽ വച്ചിരുന്ന ജഡം ഇയാളുടെ സാന്നിധ്യത്തിൽ പൊലീസ് കണ്ടെടുത്തു. കല്ലറ മുണ്ടാർ സ്വദേശിനിയായ ആശ വിവാഹിതയായാണു പല്ലുവേലിയിൽ എത്തിയത്. രണ്ടു കുട്ടികളുണ്ട്. രതീഷിന് ഒരു കുട്ടിയുണ്ട്.

English Summary:

Newborn Found Dead in Cherthala: Mother and Friend Held for Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com