ADVERTISEMENT

ചേർത്തല∙ പള്ളിപ്പുറത്ത് നവജാത ശിശുവിനെ അമ്മയും ആൺസുഹൃത്തും ചേർന്ന് കുഴിച്ചിട്ട സംഭവത്തിൽ നിർണായകമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ. നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ നവജാത ശിശുവിന്റെ ശരീരത്തിൽ മറ്റു മുറിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന പ്രതി രതീഷിന്റെ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. 

കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നവജാത ശിശുവിന്റെ മൃതദേഹം പഞ്ചായത്തുമായി ബന്ധപ്പെട്ട് സംസ്കരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. കൊലപാതകത്തിൽ പങ്കുള്ള കുഞ്ഞിന്റെ അമ്മ ആശ (35), ആൺ സുഹൃത്ത് രതീഷ് (38) എന്നിവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് ചേർത്തല പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രസവശേഷം ആശുപത്രി വിട്ട ആശയെ അന്വേഷിച്ചു വീട്ടിലെത്തിയ ആശാ പ്രവർത്തകർ കുഞ്ഞിനെ കാണാതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണമാണു ക്രൂരമായ കൊലപാതക കൃത്യം പുറത്തുകൊണ്ടുവന്നത്. തൃപ്പൂണിത്തുറയിലെ ദമ്പതിമാർക്കു കുഞ്ഞിനെ ദത്തു നൽകിയെന്നാണ് ആശ ഇവരോടു പറഞ്ഞത്. ആശാ പ്രവർത്തകർ നൽകിയ വിവരം പഞ്ചായത്ത് അധികൃതർ പൊലീസിനു കൈമാറി. ഇതോടെ അന്വേഷണത്തിൽ ഇതു കളവാണെന്നു ബോധ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ 26ന് ആയിരുന്നു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആശയുടെ പ്രസവം. ഭർത്താവിനും അടുത്ത ബന്ധുക്കൾക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നാൽ വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാൽ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തെങ്കിലും ബിൽ അടയ്ക്കാൻ പണമില്ലാത്തതിനാൽ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുഞ്ഞിനെ രതീഷിനു കൈമാറിയെന്നാണു വിവരം.

യുവതി പ്രസവിച്ച കുഞ്ഞിനെ കാണാനില്ലെന്ന് ഇന്നലെ രാവിലെ മുതൽ ദൃശ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതോടെ രതീഷ് കുഞ്ഞിന്റെ ജഡം പുറത്തെടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുഞ്ഞിനെ രതീഷിനു കൊടുത്തുവിട്ടതായി ആശ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ജി.അരുൺ, എസ്ഐ കെ.പി.അനിൽ കുമാർ എന്നിവർ ആശുപത്രിയിൽ നിന്നു വിവരം ശേഖരിച്ച ശേഷമാണ് ആശയെ ചോദ്യം ചെയ്തത്. തുടർന്നു രതീഷിനെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ഇയാളും സമ്മതിച്ചു. വീട്ടിലെ ശുചിമുറിക്കു പുറത്താണു കുഴിച്ചിട്ടിരുന്നത്. തുടർന്ന് ശുചിമുറിയിൽ വച്ചിരുന്ന ജഡം ഇയാളുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ട് തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.

English Summary:

Postmortem Reveals Newborn Baby Suffocated to Death; Mother and Friend Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com