ADVERTISEMENT

തിരുവനന്തപുരം∙ വിശ്വസിച്ചു ചേർത്ത് നിർത്തിയ സ്വതന്ത്രൻമാരെല്ലാം വിവാദങ്ങളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് മറ്റു പാർട്ടികളിൽനിന്നും വന്നവരെയും ജനസമ്മതിയുള്ളവരെയും സിപിഎം സ്വതന്ത്ര സ്ഥാനാർഥികളാക്കിയത്. മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്വതന്ത്ര പരീക്ഷണം നടന്നത്. മണ്ഡലങ്ങൾ പിടിക്കാനായെങ്കിലും വിജയത്തെ കടത്തിവെട്ടുന്ന വിവാദങ്ങളിലാണ് സ്വതന്ത്രർ ചെന്നുപെട്ടത്. സംഘടനാ തലത്തിൽ ഇവരിലൂടെ പാർട്ടിക്ക് കാര്യമായ നേട്ടം ഉണ്ടായതുമില്ല.

യൂത്ത് ലീഗിൽനിന്നാണ് കെ.ടി.ജലിൽ സിപിഎമ്മിന്റെ ഭാഗമാകുന്നത്. കുറ്റിപ്പുറത്ത് 2006ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച കെ.ടി.ജലീൽ അട്ടിമറിച്ചത് രാഷ്ട്രീയത്തിലെ വൻമരമായ പി.കെ.കുഞ്ഞാലിക്കുട്ടിയെ. പിന്നീട് തവനൂർ മണ്ഡലത്തിൽനിന്ന് 3 തവണ വിജയിച്ചു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായി. എന്നാൽ വിവാദങ്ങളെ തുടർന്ന് രാജിവയ്ക്കേണ്ടിവന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധു കെ.ടി.അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത ഉത്തരവ് വന്നതിനെ തുടർന്നായിരുന്നു രാജി. ബന്ധുനിയമന വിവാദം പാർട്ടിക്കുള്ളിൽ ജലീലിനെതിരെ വലിയ വിമർശനത്തിന് ഇടയാക്കി. വിവാദങ്ങളോടെ പാർട്ടിയിലെ പ്രാധാന്യം നഷ്ടമായി. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ജലീൽ.

നടി ലൈംഗിക പീഡന പരാതി ഉന്നയിച്ചതോടെയാണ് കൊല്ലം എംഎൽഎ മുകേഷ് വിവാദത്തിലായത്. തുടക്കത്തിൽ സംരക്ഷിച്ചെങ്കിലും, അന്വേഷണത്തിൽ ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ എംഎൽഎ സ്ഥാനം സംരക്ഷിക്കില്ലെന്നാണ് ഇപ്പോൾ പാർട്ടിയുടെ നിലപാട്. 2016ലാണ് പി.കെ.ഗുരുദാസന് പകരക്കാരനായി മുകേഷ് കൊല്ലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണയും കൊല്ലത്ത് വിജയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർട്ടി ചിഹ്നത്തിലാണ് മത്സരിച്ചതെങ്കിലും പാർട്ടി അംഗമല്ല. മുകേഷിന്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുണ്ട്. 

2016ലാണ് പി.വി.അൻവർ സിപിഎമ്മിന്റെ ഭാഗമായി നിലമ്പൂരിൽ മത്സരിച്ചത്. ആര്യാടൻ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലത്തിൽ മകൻ ആര്യാടൻ ഷൗക്കത്തിനെ തോൽപിച്ചു. കഴിഞ്ഞ തവണയും ജയം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെതിരെയുള്ള അൻവറിന്റെ പരസ്യ വിമർശനങ്ങളാണ് പാർട്ടിക്ക് തലവേദനയായത്. ഒരു എസ്പിയുടെ സ്ഥാനം തെറിച്ചു. എഡിജിപിക്കെതിരെ അന്വേഷണം വന്നു. 

കാഞ്ഞിരപ്പള്ളിയിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച അൽഫോണ്‍സ് കണ്ണന്താനം പിന്നീട് ബിജെപിയിലേക്ക് പോയി. കേന്ദ്രസഹമന്ത്രിയായി. അൽഫോൺസ് കണ്ണന്താനത്തിന്റെ വരവ് കോട്ടയം ജില്ലയിൽ പാർട്ടിക്ക് ഗുണം ചെയ്തില്ല. മഞ്ഞളാംകുഴി അലിയെ മങ്കടയിൽ സ്ഥാനാർഥിയാക്കിയത് ലീഗ് കോട്ടകൾ വിറപ്പിക്കാനാണ്. മങ്കടയിൽ സിപിഎം സ്വതന്ത്രനായി രണ്ടുതവണ വിജയിച്ച അലി പിന്നീട് ലീഗിലേക്ക് പോയി. യുഡിഎഫ് സർക്കാരിൽ മന്ത്രിയായി. അലിയുടെ സ്വതന്ത്ര സ്ഥാനാർഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ല.

English Summary:

Independents trapped CPM through controversies and political positions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com