‘ഇ.പി വന്നാൽ പദവിയില്ല, അബ്ദുല്ലക്കുട്ടിക്കു കീഴിൽ പ്രവർത്തിക്കുമോ?’: ക്ഷണിക്കാതെ ബിജെപി
Mail This Article
കോട്ടയം ∙ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ച് സിപിഎമ്മിനോട് ഇടഞ്ഞുനിൽക്കുന്ന ഇ.പി.ജയരാജൻ ബിജെപിയിലേക്ക് വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. സിപിഎം ബന്ധം അവസാനിപ്പിച്ചാൽ ഇ.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നല്ലാതെ സാഹസത്തിനു മുതിരില്ലെന്ന് കണ്ണൂരിൽ നിന്നുള്ള രണ്ട് സംസ്ഥാന നേതാക്കൾ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. നിലവിൽ ജയരാജനുമായി ചർച്ചകൾക്ക് മുൻകയ്യെടുക്കേണ്ടെന്നാണ് തീരുമാനം. സംഭവ വികസാങ്ങൾ നിരീക്ഷിച്ച ശേഷമാകും ഭാവി തീരുമാനം. ഫോണിൽ പോലും പ്രതികരണം വേണ്ടെന്നാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പ്രതികരണം പിന്നീട് ആവട്ടെയെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ശോഭയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജയരാജൻ മാസങ്ങൾക്കു മുന്നേ അറിയിച്ചിരുന്നെങ്കിലും നോട്ടിസ് പോലും അയച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരിമാർ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പുതിയ കാര്യമല്ലെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. താൻ സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് പ്രഭാരി ആയിരുന്ന പദ്മനാഭ ആചാര്യ സി.കെ. ജാനുവിനെ വരെ നേരിൽ കണ്ടിരുന്നു. പ്രകാശ് ജാവഡേക്കർ ഇ.പിയും ആയി മാത്രമല്ല കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രചാരണം ലഭിക്കുകയായിരുന്നു. ജയരാജൻ അങ്ങനെയൊന്നും ബിജെപിയിലേക്ക് വരില്ലെന്നും പത്മനാഭൻ പറഞ്ഞു.
ജയരാജനുമായുള്ള കൂടിക്കാഴ്ച വിവാദമായതിലും തുടർ നടപടികളിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇ.പിയുടെ മകന്റെ ആക്കുളത്തെ ഫ്ലാറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്ര നേതാക്കൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. സംസ്ഥാന നേതാക്കളെ പോലും അറിയിക്കാതെ ആയിരുന്നു കൂടിക്കാഴ്ച. രഹസ്യ കൂടിക്കാഴ്ച പിന്നീടാണ് സംസ്ഥാന നേതാക്കൾ അറിഞ്ഞത്. വിഷയം പരസ്യമാക്കിയ ശോഭാ സുരേന്ദ്രനെ പാർട്ടി താക്കീത് ചെയ്തിരുന്നു. കൂടിക്കാഴ്ചകൾ ഇങ്ങനെ പരസ്യമായാൽ പാർട്ടി നേതൃത്വത്തിലേക്ക് എങ്ങനെ ആളെത്തും എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ചോദ്യം. മറ്റ് കക്ഷികളിൽപ്പെട്ടവർ ഇനിയൊരു കൂടിക്കാഴ്ചയ്ക്ക് തയാറാകുമോയെന്ന് കേരളത്തിലെ ചില ബിജെപി നേതാക്കളും ചോദിക്കുന്നു. കൂടിക്കാഴ്ചയ്ക്ക് ഞങ്ങൾ എത്തുമെന്ന് അറിഞ്ഞാൽ അവർക്ക് ഭയമായിരിക്കുമെന്നും ഒരു സംസ്ഥാന നേതാവ് പറഞ്ഞു.
കൂടിക്കാഴ്ചാ വിവരം പുറത്തറിഞ്ഞു വലിയ വിവാദമായതോടെ കാണാമെന്നു പറഞ്ഞ പലരും നിന്നനില്‍പില്‍ മാറിക്കളഞ്ഞെന്ന് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നേതാവ് പറയുന്നു. ജയരാജൻ ഇനിയെങ്ങാനും ബിജെപിയിലേക്ക് വന്നാൽ തന്നെ എന്ത് സ്ഥാനം നൽകുമെന്നതും പ്രശ്നമാണ്. സിപിഎം രാഷ്ട്രീയത്തിൽ ജയരാജനെക്കാൾ ജൂനിയറായിരുന്ന എ.പി.അബ്ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്റായിരിക്കുന്ന പാർട്ടിയിൽ അദ്ദേഹത്തിന്റെ താഴെ ജയരാജൻ പ്രവർത്തിക്കുമോയെന്നാണ് ചോദ്യം.
ജയരാജൻ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തോട് അദ്ദേഹത്തിന്റെ കാര്യമൊന്നും എനിക്ക് അറിയില്ലെന്ന് എ.പി.അബ്ദുല്ലക്കുട്ടി മനോരമ ഓൺലൈനിനോട് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോട് ‘നോ കമന്റ്സ്’ എന്നായിരുന്നു പ്രതികരണം.