പ്രളയത്തിൽ മരിച്ചത് 1000ൽ അധികംപേർ; 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഉത്തര കൊറിയ
Mail This Article
സോൾ∙ രാജ്യത്തുണ്ടായ പ്രളയത്തിൽ ആയിരത്തിലധികം പേർ മരിച്ചത് തടയാനാകാത്തതിന്റെ പേരിൽ ഉത്തര കൊറിയയിൽ 30 സർക്കാർ ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നാണ് ഇവർക്ക് വധശിക്ഷ നൽകാൻ ഉത്തരവിട്ടതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഛഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം പേർ മരിച്ചുവെന്നും നിരവധിപ്പേർക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോർട്ട്. അനേകർക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, കഴിഞ്ഞ മാസംതന്നെ ശിക്ഷ നടപ്പാക്കിയെന്നാണു വിവരം.
കൃത്യമായ സമയത്ത് നടപടികൾ എടുത്തിരുന്നെങ്കിൽ മരണസംഖ്യ കുറയ്ക്കാമെന്നായിരുന്നു ഉത്തര കൊറിയൻ അധികൃതരുടെ നിലപാട്. വീഴ്ച വരുത്തിയവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഇവർ അറിയിച്ചിരുന്നതായി ദക്ഷിണ കൊറിയയിലെ ചോസുൻ ടിവി റിപ്പോർട്ട് ചെയ്തു. പ്രളയ ബാധിത പ്രദേശങ്ങളിലെ 20-30 ഉദ്യോഗസ്ഥരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ചൈനീസ് അതിർത്തിയോടുചേർന്ന ഛഗാങ് പ്രവിശ്യയിൽ ജൂലൈയിൽ ആയിരുന്നു പ്രളയം.