ADVERTISEMENT

ഥാർഥ പാർട്ടി പ്രവർത്തകരായ സ്ത്രീകൾക്കു വേണ്ടിയാണു താൻ സംസാരിക്കുന്നതെന്ന് സിമി റോസ് ബെൽ ജോൺ. കോൺഗ്രസിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കുകയാണു ചെയ്തതെന്നും പാർട്ടിയെ നശിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നില്ല തനിക്കെന്നും സിമി പറഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുന്‍ എഐസിസി അംഗവും പിഎസ‌്സി അംഗവുമായിരുന്ന സിമി റോസ് ബെല്‍ ജോൺ മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.

∙ അഭിമുഖത്തിൽ വനിതാ നേതാക്കളെ അപമാനിച്ചു എന്നുചൂണ്ടിക്കാട്ടി കോൺഗ്രസ് താങ്കളെ പാർട്ടിയിൽനിന്നു പുറത്താക്കിയിരിക്കുകയാണ്. കോൺഗ്രസിലെ സ്ത്രീകളുടെ ശബ്ദമായതാണ് താൻ ചെയ്ത തെറ്റെന്ന് താങ്കളും പറയുന്നു.

അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സാധാരണ പാർട്ടി പ്രവർത്തകയ്ക്ക് തിരുവനന്തപുരത്ത് പാർട്ടിയുടെ ധർണയിൽ പങ്കെടുക്കണമെന്നു കരുതുക. പോയി വരാൻ താമസച്ചെലവടക്കം ഒരു സംഖ്യയാകും. പലരും അന്നത്തെ ജോലി കളഞ്ഞാകും എത്തുന്നത്. അവരുമായി അടുപ്പമുള്ള പ്രാദേശിക നേതാക്കളുടെ സഹായം ചോദിക്കും. അവർ എത്ര തവണ സഹായിക്കും? അതുകഴിഞ്ഞാൽ ചൂഷണം ആരംഭിക്കും. സാമ്പത്തിക ഭദ്രതയുള്ള സ്ത്രീകളുടെ അടുത്ത് ഇതൊന്നും നടക്കില്ല. കയ്യിൽ പണമില്ലാത്തവരാണ് ചൂഷണത്തിന് വിധേയരാകുന്നത്. പണമില്ലെങ്കിലും മുണ്ടുമുറുക്കിയുടുത്ത് ഭക്ഷണം കഴിക്കാതിരിക്കുന്ന 30 ശതമാനം സ്ത്രീകളെങ്കിലും ഉണ്ട്. അവർക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്; പദവിക്കുവേണ്ടി എന്തും ചെയ്യാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സ്ത്രീകൾക്കു വേണ്ടിയല്ല. അവർക്കു പണം വേണം, പദവി വേണം, പ്രശസ്തി വേണം. ഒരു ഉദാഹരണം പറയാം. നല്ല പ്രവർത്തനം കാഴ്ചവച്ചിട്ടും ഒരു വനിതാ മേയറെ മാറ്റാൻ അവിടുത്തെ എംപിയും മറ്റൊരു പ്രമുഖ നേതാവും നടക്കുകയാണ്. എന്തുകൊണ്ടാണ് അങ്ങനെയെന്ന് ഞാൻ അവരോടു ചോദിച്ചപ്പോൾ അവർ എന്നോടു കാര്യങ്ങൾ തുറന്നു പറഞ്ഞു.

∙  കോൺഗ്രസിൽ കാസ്റ്റിങ് കൗച്ച് ഉണ്ട് എന്നുപറയുമ്പോൾ അത് എല്ലാ സ്ത്രീകളെയും ബാധിക്കില്ലേ? ‌

ഞാൻ ഏതെങ്കിലും സ്ത്രീയുടെ പേര് പറഞ്ഞോ? ഉമാ തോമസിനു വേണ്ടി വോട്ട് ചോദിക്കാൻ നടന്ന സമയത്ത് ദീപ്തി മേരി വർഗീസ് ചെയ്ത തെറ്റുകളാണു പറഞ്ഞത്. അല്ലാതെ അവർ മോശക്കാരിയാണെന്നല്ല. അവരെക്കുറിച്ചെന്നല്ല, ഒരു സ്ത്രീയെയും കുറിച്ചു ഞാൻ മോശം പറയില്ല. പക്ഷേ ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടെന്ന് എന്നോടു പറഞ്ഞ സ്ത്രീകൾക്കു വേണ്ടി ഞാൻ സംസാരിക്കും. എനിക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു കരുതി മറ്റു സ്ത്രീകൾക്ക് അങ്ങനെ ഉണ്ടാകാൻ പാടില്ലേ? ദീപ്തി മേരി വർഗീസിന് ഉണ്ടായിട്ടില്ലെന്നു കരുതി മറ്റാർക്കും ഉണ്ടായിട്ടില്ലെന്നല്ലല്ലോ അർഥം. 

∙ സിപിഎം ഗൂഢാലോചനയെന്ന ആരോപണം ഉയർന്നിരുന്നല്ലോ? 

സിപിഎം ഗൂഢാലോചന അവർ തെളിയിക്കട്ടെ. തല മുണ്ഡനം ചെയ്യാമെന്നു ഞാൻ പറഞ്ഞല്ലോ. എന്തൊരു ലോകമാണ് ഇത്. കാസ്റ്റിങ് കൗച്ച് എന്ന വിഷയം ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ടു പറയാൻ അവസരം കിട്ടിയപ്പോൾ പലർക്കും വേണ്ടിയാണു ഞാനതു പറഞ്ഞത്. അല്ലാതെ കോൺഗ്രസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിനു വേണ്ടിയല്ല. 

∙ താങ്കൾ തുടർച്ചയായി അവഗണിക്കപ്പെട്ടുവെന്നാണല്ലോ പറയുന്നത്. അതേക്കുറിച്ച് പാർട്ടിയിൽ ഉന്നയിച്ചില്ലേ? 

ചോദിച്ചിട്ടുണ്ട്. പിഎസ്‌സി അംഗത്വം കിട്ടിയില്ലേ, വീട്ടിലിരിക്കൂ എന്നാണ് എന്നോടു പറഞ്ഞത്. എന്നോടുള്ള അവഗണനയെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്കു അറിയാം. എന്റെ കൂടെ പിഎസ്‌സി അംഗത്വം ലഭിച്ച രണ്ടുപേരെ കെപിസിസിയിൽ ഉൾക്കൊള്ളിച്ചല്ലോ? അവരും പിഎസ്‌സി പെൻഷൻ വാങ്ങുന്നില്ലേ? വിജയലക്ഷ്മി പിഎസ്‌സി കഴിഞ്ഞ് പാർലമെന്റിൽ മത്സരിച്ചില്ലേ? കെപിസിസി ജനറൽ സെക്രട്ടറിയായി. അവർക്ക് ഒരു നീതി, എനിക്ക് വേറൊരു കാട്ടുനീതിയോ? പിഎസ്‌സി അംഗത്തെ രാജിവയ്പിച്ച് എറണാകുളത്തു കൊണ്ടുവന്ന് മത്സരിപ്പിച്ചിട്ടില്ലേ? അന്നു ഞാൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നല്ലോ. വിധവയായ ഞാൻ പെൻഷൻ വാങ്ങുന്നതിൽ ഇവർക്ക് വലിയ സങ്കടമാണ്. സ്ത്രീകളോട് ഇങ്ങനെ പരാക്രമം കാണിക്കരുത്. ഇഷ്ടമുള്ളവരെ സംരക്ഷിച്ചോളൂ. പക്ഷേ മറ്റുള്ളവരുടെ ചോറിൽ മണ്ണിടരുത്.

∙ എന്തുകൊണ്ടാണ് ഈ അവഗണന?

ഇവർക്കു ചെറുപ്പക്കാരികളായ നേതാക്കൾ മതി. അതിനുവേണ്ടി അവർ, 50 വയസ്സിന് താഴെയുള്ള വനിതയായിരിക്കണം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കേണ്ടത് എന്ന മാനദണ്ഡം കൊണ്ടുവന്നില്ലേ? അതാണ് ഷാനിമോൾ പുറത്തായത്. എനിക്ക് ഒരു തവണ മാത്രമാണ് ലഭിച്ചത്. അവരൊക്കെ എത്രയോ പോസ്റ്റിലിരുന്നു. എത്ര തവണ എറണാകുളത്ത് പുറത്തുനിന്ന് മത്സരാർഥിയെ കൊണ്ടുവന്നു. എറണാകുളം ജില്ലയിൽ കഴിഞ്ഞ അസംബ്ലിയിൽ ഒരു സീറ്റ് കൊടുത്തോ വനിതയ്ക്ക്? സിനിമയിൽ ചാൻസ് വേണ്ട എന്നുപറഞ്ഞ് പോകുന്നവരില്ലേ, ഞാനും അങ്ങനെയാണ്. എനിക്ക് പദവി വേണ്ട. അതുകൊണ്ടായിരിക്കും ഞാൻ പാർശ്വവൽക്കരിക്കപ്പെട്ടത്. ഇപ്പോൾ എനിക്ക് അങ്ങനെ തോന്നുന്നു

∙കെ.കരുണാകരൻ, ഉമ്മൻചാണ്ടി തുടങ്ങിയ മുതിർന്ന നേതാക്കൾ ഇന്നില്ല. അത് പാർട്ടിയുടെ കെട്ടുറപ്പിനെയോ കരുത്തിനെയോ ബാധിച്ചതായി തോന്നുന്നുണ്ടോ? 

ഞാൻ ജില്ലാ കൗൺസിലർ ആയ സമയത്ത് കല്യാണിക്കുട്ടിയമ്മയാണ് ക്ലിഫ് ഹൗസിലുള്ളത്. പത്മജ ചേച്ചിയുടെ കൂടെ പോകും ഞാൻ. അവരുടെ വീട്ടിൽ ഒരു ദിവസം അമ്പതുപേർക്കുള്ള ഭക്ഷണം ഉണ്ടാകും. ഞാൻ ചെല്ലുമ്പോൾ പത്മജ ചേച്ചി വീട്ടിലേക്ക് വിളിച്ചുപറഞ്ഞിരുന്നു. അങ്ങനെ എല്ലാവരെയും കരുതിയിരുന്ന നേതാക്കൾ ഉള്ള കാലമുണ്ടായിരുന്നു. അങ്ങനെയുള്ള മുതിർന്ന നേതാക്കൾ ഇന്നില്ല.

∙കെ.കരുണാകരന്റെ മകളായിരുന്നിട്ടു കൂടി പത്മജ കോൺഗ്രസ് വിട്ടു. ലതികാ സുഭാഷ്, ശോഭനാ ജോർജ് തുടങ്ങിയവരുടെ പട്ടികയിലേക്ക് താങ്കളുടെ പേരും കൂട്ടിച്ചേർക്കപ്പെടുകയാണ്; പുറത്താക്കലാണെങ്കിലും. അവരാരെങ്കിലും വിളിച്ചിരുന്നോ? 

എല്ലാവരും വിളിച്ച് സംസാരിച്ചിരുന്നു. എല്ലാവരുമായും നല്ല ബന്ധമാണ് ഉള്ളത്. 

∙പത്മജ ബിജെപിയിലേക്ക് പോയതുപോലെ മറ്റു പാർട്ടിയിലേക്ക് പോകാനുള്ള തീരുമാനമുണ്ടോ? 

ഗവർണറായിരുന്ന സദാശിവവും കുടുംബവുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. അവർ എന്നോട് പ്രധാനമന്ത്രിയോടു സംസാരിക്കാം എന്നു പറഞ്ഞതാണ്. എനിക്ക് പോകാനായിരുന്നെങ്കിൽ നേരത്തേ ആകാമായിരുന്നു. ഞാൻ എന്റെ പാർട്ടിയെ വിശ്വസിച്ചു, അവരെന്നെ ചതിച്ചു. സിപിഎമ്മിന് കഴിഞ്ഞ തവണ മത്സരിപ്പിക്കാൻ പറ്റിയ സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. എന്നെ ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല. എന്റെ വിശ്വാസ്യത എനിക്ക് പ്രധാനമാണ്. എന്റെ പിഎസ്‌സി കാലയളവ് കഴിഞ്ഞപ്പോൾത്തന്നെ ബിജെപിയിൽനിന്നും സിപിഎമ്മിൽനിന്നും സമ്മർദം ഉണ്ടായിരുന്നു. ഞാൻ അധികാരത്തിന്റെ വഴിയേ നടക്കുന്ന ആളല്ല. അത് എന്നെ തേടി വരും. അതിന്റെ പിറകെ പോകാൻ പറ്റില്ല. 

∙ സിമി ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണമുണ്ടാകുമെന്ന് കരുതുന്നുണ്ടോ? 

കെ.സുധാകരൻ എന്റെ പരാതി അന്വേഷിക്കുമെന്നാണ് പറഞ്ഞത്. ഇനിയൊരു അന്വേഷണമുണ്ടാകുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ല. പാർട്ടിയിൽ ശബ്ദം നഷ്ടപ്പെട്ട സ്ത്രീകൾക്കു വേണ്ടി ഞാൻ ഇനിയും സംസാരിക്കും. 

∙ഇനിയെന്താണ് തീരുമാനം? 

പൊതുപ്രവർത്തന രംഗത്ത് ഞാനുണ്ടാകും. ഒരാളെ സഹായിക്കുമ്പോൾ കിട്ടുന്ന സന്തോഷം വലുതല്ലേ. അങ്ങനെ ഒരു വിരമിക്കലിലേക്കൊന്നും പേകാൻ പറ്റില്ല. സന്തോഷവതിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. എനിക്കെതിരെ എറിഞ്ഞ കല്ല് അവർക്കുതന്നെ തിരിച്ചുകൊള്ളും.  മരിക്കുമ്പോൾ കുറച്ചുപേരെങ്കിലും ഹൃദയത്തിൽ തൊട്ട് കരയണമല്ലോ. കുറച്ചുപേരുടെയെങ്കിലും പ്രാർഥന വേണമല്ലോ.

English Summary:

Simi Rosebell John speak after she was expelled from party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com