ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം
Mail This Article
കൊച്ചി∙ ലൈംഗിക പീഡന പരാതിയിൽ നടൻ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യരുതെന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.
മരടിലെ വില്ലയിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതായാണ് നടിയുടെ ആരോപണം. ഒറ്റപ്പാലത്ത് ഷൂട്ടിങ് സ്ഥലത്തു കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. പീഡനക്കുറ്റം, സ്‌ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കടക്കൽ, സ്‌ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കുക തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തത്. 10 വർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ശിക്ഷ ജീവപര്യന്തം വരെയാകാം.