ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കം കുറിച്ച് എറണാകുളത്തെ സിപിഎം; അഴിച്ചുപണികൾക്ക് സാധ്യത കുറവ്
Mail This Article
കൊച്ചി ∙ ബാലികേറാ മലയെന്നാണ് എറണാകുളം ജില്ലയെ സിപിഎമ്മിന്റെ മുൻ സംഘടനാ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകാത്ത ജില്ല. ഒരുകാലത്ത് സിപിഎം വിഭാഗീയത കൊടികുത്തി വാണ ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുമ്പോൾ വലിയ തോതിലുള്ള അഴിച്ചു പണികൾക്ക് സാധ്യത കുറവാണമെന്നാണ് പാർട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചിലയിടങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും ഓണത്തിനു ശേഷമേ കൂടുതൽ സമ്മേളനങ്ങളും നടക്കൂ. ജില്ലാ സെക്രട്ടറി സി.എൻ.മോഹനന് സ്ഥാനചലനം ഉണ്ടായേക്കില്ല. ജില്ലയിൽ നിന്നു സംസ്ഥാന സമിതിയിൽ നിലവിൽ വനിതാ പ്രാതിനിധ്യം ഇല്ല. കമ്മിറ്റിയിൽ വനിത ഇടംപിടിച്ചേക്കും.
കഴിഞ്ഞ സമ്മേളനത്തിൽ എറണാകുളം ജില്ലയില്‍ പുതിയ ഭാരവാഹികൾ വന്ന സാഹചര്യത്തിൽ കാര്യമായ മാറ്റങ്ങൾ ഇത്തവണ പ്രതീക്ഷിക്കുന്നില്ല. താഴേത്തട്ടിൽ പാർട്ടി ദുര്‍ബലമാണെന്നും ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരിക്കാരാണെന്നുമുള്ള സ്വയംവിമർശനമുള്ള സാഹചര്യത്തിൽ അടിത്തട്ടിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിൽ 6 സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് എറണാകുളം ജില്ലയിൽ നിന്നുള്ളത്. ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, എസ്.ശര്‍മ, കെ.ചന്ദ്രൻപിള്ള, സി.എം.ദിനേശ് മണി, ഗോപി കോട്ടമുറിക്കൽ, കോതമംഗലത്തു നിന്നുള്ള എസ്.സതീഷ്. ഇതിൽ 75 വയസ്സു പിന്നിട്ട സാഹചര്യത്തിൽ ഗോപി കോട്ടമുറിക്കലും ദിനേശ് മണിയും സംസ്ഥാന കമ്മിറ്റിയിൽ നിന്നു മാറി രണ്ടു പുതിയ ആളുകൾ വരാനാണ് സാധ്യത.
മൂവാറ്റുപുഴയിൽ നിന്ന് പി.ആർ.മുരളീധരൻ, പള്ളുരുത്തിയില്‍ നിന്നു ജോൺ ഫെർണാണ്ടസ് എന്നിവർക്കാണ് സാധ്യത. സരോജിനി ബാലാനന്ദനും എം.സി.ജോസഫൈനും പോലുള്ള കരുത്തരായ വനിതാ നേതാക്കള്‍ ജില്ലയിൽ നിന്നു സംസ്ഥാന സമിതിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആരുമില്ല. ഈ സാഹചര്യത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പാ ദാസിനെ പരിഗണിച്ചേക്കും.
മുന്‍ ജില്ലാ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പി.രാജീവ് ഇപ്പോൾ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. 2018ൽ രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് പകരം സി.എൻ.മോഹനൻ ജില്ലാ സെക്രട്ടറിയാകുന്നത്. 2021ലെ സമ്മേളനത്തിലും മോഹനനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പദവിയിൽ തുടരാൻ ഇനിയും ടേം അവശേഷിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടേക്കും. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ തൽസ്ഥിതി തുടരുന്നതല്ലാതെ ജില്ലയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ ചർച്ചകളുണ്ടാകും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിട്ടും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച കെ.ജെ.ഷൈനിനെ മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഇരട്ടി ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ തോല്‍പ്പിച്ചത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും നില മെച്ചപ്പെടുത്താൻ പാർട്ടിക്കായില്ല. എങ്കിലും 2016ൽ ഉണ്ടായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങൾ 2021ലും സിപിഎം നിലനിർത്തുന്നുണ്ട്.
ഒരുകാലത്ത് വിഭാഗീയതയുടെ ഈറ്റില്ലമായിരുന്ന എറണാകുളത്ത് ഇപ്പോൾ അത്തരം പ്രശ്നങ്ങളില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം സംസ്ഥാന നേതൃത്വത്തിനും സർക്കാരിനുമെതിരെ ഏറ്റവുമാദ്യം വിമർശനം ഉയർന്ന ജില്ല കൂടിയാണ് എറണാകുളം. സിഐടിയു ആയിരുന്നു എറണാകുളം ജില്ലയിൽ സിപിഎമ്മിന്റെ നട്ടെല്ല്. പാർട്ടിയുടെ തലപ്പൊക്കമുണ്ടായിരുന്ന നേതാക്കളിൽ മിക്കവരും സിഐടിയുവിൽ നിന്നായിരുന്നു. എന്നാൽ പാലക്കാട് സമ്മേളനത്തിലെ വെട്ടിനിരത്തലും വി.എസ്.അച്യുതാനന്ദന്റെ ജില്ലയിലെ സർവാധിപത്യത്തിനും ശേഷം പിണറായി പക്ഷം ജില്ലയിൽ പിടിമുറുക്കുകയായിരുന്നു. ഏറെ വിവാദങ്ങളും വെട്ടിനിരത്തലുകളും അരങ്ങേറിയതോടെയാണ് വിഭാഗീയതയ്ക്ക് അറുതി വന്നത്. ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു. 2024 ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.