നിവിന്‍ പിന്തുണയുമായി വിനീത്; സിനിമ നയരൂപീകരണ സമിതയില്‍നിന്ന് മുകേഷ് പുറത്ത്: ഇന്നത്തെ പ്രധാനവാർത്തകൾ
Mail This Article
തിരുവനന്തപുരം∙ നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. ദുബായിൽ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളി നിയമസാധ്യതകള്‍ ആരാഞ്ഞു. അഭിഭാഷകരുമായി നിവിൻ ഇന്നലെ ചർച്ച നടത്തി. നടന്‍ നിവിന്‍ പോളിക്ക് പിന്തുണ പ്രഖ്യാപിച്ചു നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്തെത്തി. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്നാണ് വിനീതിന്റെ വെളിപ്പെടുത്തൽ. 2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലര്‍ച്ചെ മൂന്നുമണിവരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു.
അതേസമയം ജയസൂര്യക്ക് എതിരായ ലൈംഗികാതിക്രമ പരാതിയിൽ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകി. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുകേഷിനെ ചലച്ചിത്ര കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതയില്‍നിന്ന് ഒഴിവാക്കി. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയത്. ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്.