ADVERTISEMENT

ബെംഗളൂരു ∙ കന്നഡ സൂപ്പർതാരം ദർശനും സുഹൃത്തുക്കളും ചേർന്ന് രേണുകസ്വാമിയെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ കർണാടക പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പ്രതികൾ ഷോക്കടിപ്പിച്ചെന്നും ശരീരത്തിൽ 39 മുറിവുകൾ കണ്ടെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ‌പ്രതികൾ പകർത്തിയ, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രങ്ങളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊലപാതക കേസ് അന്വേഷിക്കുന്ന കർണാടക പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന ദർശന്റെയും നടി പവിത്ര ഗൗഡയുടെയും പങ്കിനെ കുറിച്ചും അവരുടെ മനുഷ്യത്വരഹിതമായ പീഡനത്തെ കുറിച്ചും വിശദമാക്കുന്നതാണ് 3991 പേജുകളുള്ള കുറ്റപത്രം.

കൊല്ലപ്പെടുന്നതിനു മുന്‍പും ശേഷവും പ്രതികള്‍ രേണുകസ്വാമിയുടെ ചിത്രങ്ങള്‍ പകർത്തിയെന്നാണ് പൊലീസ് പറയുന്നത്. വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രവും മൃതദേഹത്തിന്റെ ചിത്രവുമാണ് പുറത്തുവന്നിരിക്കുന്നത്.

‘‘ദർശനും സംഘവും മർദിച്ചതിനെ തുടർന്ന് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകൾ തകർന്നിരുന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്.” കുറ്റപത്രത്തിൽ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപിക്കാൻ ഇൻസുലേഷൻ പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന മെഗ്ഗർ മെഷിൻ എന്ന വൈദ്യുതി ഉപകരണമാണ് സംഘം ഉപയോഗിച്ചതെന്നും രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുൻപ്, കേട്ടുകേൾവിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങൾ സഹിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിലുണ്ട്.

കൊലപാതകത്തിനു ശേഷം ദർശനും പവിത്ര ഗൗഡയും മറ്റ് പ്രതികളും ചേർന്ന് മൃതദേഹം സംസ്‌കരിച്ചെന്നും പണവും സ്വാധീനവും ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കുറ്റാരോപണത്തിൽനിന്നു രക്ഷപ്പെടാൻ മറ്റു വ്യക്തികളെ കുടുക്കാനും ഇവർ ശ്രമിച്ചു. ദർശനിൽനിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളിൽ രേണുകസ്വാമിയുടെ രക്തത്തിന്റെ അംശം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് ദർശനെതിരെ കേസെടുത്തിരിക്കുന്നത്.

കൊലപാതകത്തിന് ശേഷം ദർശൻ “പിശാച്” എന്ന സിനിമയുടെ ചിത്രീകരണത്തിനായി മൈസൂരുവിലേക്ക് പോയിരുന്നു. തുടർന്ന് എസിപി ചന്ദൻ കുമാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പൊലീസാണ് ഇയാളെ ഒരു ഹോട്ടലിൽനിന്ന് അറസ്റ്റ് ചെയ്തത്. കുറ്റപത്രത്തിൽ ഒന്നാം പ്രതിയായി നടി പവിത്രയെയും രണ്ടാം പ്രതിയായി ദർശനെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുൾപ്പെടെ 14 പ്രതികളാണ് കേസിലുള്ളത്.

അതിനിടെ, ദർശനെ രണ്ടാം പ്രതിയാക്കിയതോടെ, കോടതിയിൽ ജാമ്യാപേക്ഷ നൽകാനൊരുങ്ങുകയാണ് ഇയാളുടെ അഭിഭാഷക സംഘം. എന്നാൽ ജയിലിൽ ആഡംബര സൗകര്യങ്ങൾ ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ മൂന്നു കേസുകളിൽ കൂടി ദർശൻ പ്രതിയായതിനാൽ ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com