‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റും’: മുൻകൂർ ജാമ്യത്തിനു പിന്നാലെ മുകേഷ്
Mail This Article
കോട്ടയം ∙ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും എംഎൽഎയുമായ എം.മുകേഷ്. സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും എന്നു തുടങ്ങുന്ന കുറിപ്പാണു മുകേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇതിനൊപ്പം തന്റെ ചിരിക്കുന്ന ചിത്രവും ചേർത്തിട്ടുണ്ട്.
‘‘സത്യം ചെരുപ്പിട്ടു വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമപോരാട്ടം തുടരും’’ എന്നാണു മുകേഷിന്റെ വാക്കുകൾ. പീഡന പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും മുൻകൂർ ജാമ്യം. നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം മരട് പൊലീസ് കേസെടുത്തത്.
ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കിയ ദിവസമാണു മുൻകൂർ ജാമ്യം ലഭിച്ചതെന്നതു മുകേഷിന് ആശ്വാസമാണ്. ലൈംഗികാരോപണവുമായി ബന്ധപ്പെട്ടു മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണു നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിവാക്കിയത്. മുകേഷിനെ പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്നു ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നാണു സിപിഎം നിലപാട്.