സിനിമാ നയ രൂപീകരണ സമിതിയിൽനിന്ന് മുകേഷ് പുറത്ത്; ബി.ഉണ്ണികൃഷ്ണൻ ഉൾപ്പെടെ തുടരും
Mail This Article
തിരുവനന്തപുരം∙ ചലച്ചിത്ര കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതയില്‍നിന്ന് നടനും എംഎൽഎയുമായ എം.മുകേഷിനെ ഒഴിവാക്കി. സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ സമിതിയില്‍ തുടരും. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നയരൂപീകരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കിയത്.
മുകേഷിനെ പത്തംഗ സമിതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് സംവിധായകന്‍ വിനയന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സര്‍ക്കാര്‍ തള്ളി. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിയണമെന്നാണ് നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ മുകേഷിനെ ഒഴിവാക്കിയിരിക്കുന്നത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നടത്തുന്ന കോൺക്ലേവിനു മുന്നോടിയായാണ് ഷാജി എൻ.കരുൺ ചെയർമാനായി നയരൂപീകരണ സമിതി സർക്കാർ രൂപീകരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ബി.ഉണ്ണികൃഷ്‌ണന്‍, പത്മപ്രിയ, നിഖില വിമല്‍, രാജീവ് രവി, സന്തോഷ് കുരുവിള, സി.അജോയ് എന്നിവർ സമിതിയിലെ അംഗങ്ങളാണ്.