‘യുവതി നൽകിയത് കള്ളക്കേസ്’: നിയമസാധ്യതകൾ തേടി നിവിൻ പോളി; ഡിജിപിക്ക് പരാതി നൽകിയേക്കും
Mail This Article
കൊച്ചി ∙ സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ നിയമസാധ്യതകള്‍ ആരാഞ്ഞ് നടൻ നിവിൻ പോളി. അഭിഭാഷകരുമായി നിവിൻ ഇന്നലെ ചർച്ച നടത്തി. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുക, കോടതിയെ സമീപിക്കുക തുടങ്ങിയ മാർഗങ്ങളാണ് നിവിനു മുന്നിലുള്ളത്.
പരാതിയുടെ വിശദാംശങ്ങൾ അറിഞ്ഞാൽ മാത്രമേ നിയമനടപടികൾക്ക് തുടക്കമിടാൻ കഴിയൂ എന്നതിനാൽ കേസിന്റെ എഫ്ഐആർ അടക്കമുള്ള രേഖകൾ ലഭിക്കാൻ നിവിന്റെ അഭിഭാഷകൻ അപേക്ഷ നൽകിയിരുന്നു. എറണാകുളം ജില്ലയിലെ ഊന്നുകൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതു ലഭിച്ചാലേ നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയിലെ വിശദാംശങ്ങൾ അറിയാനാകൂ. ഇന്ന് ഉച്ചയോടെ ഈ രേഖകൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിനു ശേഷമേ ഏതൊക്കെ വിധത്തിലാണ് നിയമപോരാട്ടം നടത്തേണ്ടത് എന്നു തീരുമാനിക്കൂ.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അന്വേഷണം ആവശ്യമാണെന്നും കാട്ടി ഡിജിപിക്കു പരാതി നൽകാം. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സെൻഷൻസ് കോടതിയെ സമീപിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന ശേഷം ഉയർന്ന പരാതികളിൽ മുകേഷ് അടക്കമുള്ള നടന്മാർ തേടിയത് രണ്ടാമത്തെ വഴിയാണ്. കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് മറ്റൊരു വഴി. ഈ മൂന്നു കാര്യങ്ങളും നിവിന്റെ അഭിഭാഷകർ പരിശോധിക്കുന്നുണ്ട്. അനുകൂല തെളിവുകൾ ഹാജരാക്കാൻ സാധിച്ചാൽ കേസ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
2023 നവംബർ–ഡിസംബർ മാസങ്ങളിൽ ദുബായിൽ വച്ച് നിവിൻ, നിർമാതാവായ കെ.ആർ.സുനിൽ തുടങ്ങി ആറു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി എന്നും യുവതി പറയുന്നു. ഇതിനു പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. നിവിൻ ആറാം പ്രതിയാണ്. ആരോപണമുയർന്നതിനു തൊട്ടുപിന്നാലെ ഇക്കാര്യങ്ങൾ പൂർണമായി നിഷേധിച്ചുകൊണ്ട് നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു.