ADVERTISEMENT

കോട്ടയം ∙ പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടതിൽ പ്രതികരണവുമായി പി.വി.അൻവർ എംഎൽഎ. ‘‘വിക്കറ്റ്‌ നമ്പർ 1.. ഒരു പുഴുക്കുത്ത്‌ പുറത്തേക്ക്‌...’’ എന്നാണ് അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചത്. സ്റ്റംപൗട്ട് ആകുന്നതിന്റെ ചിത്രവും പങ്കുവച്ച കുറിപ്പ് വൈറലായി. പി.വി.അൻവറുമായുള്ള വിവാദ ഫോൺകോളിനും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾക്കും പിന്നാലെയാണു സുജിത് ദാസിനെതിരായ നടപടി.

സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണു ഡിജിപിയുടെ റിപ്പോർട്ട്. വിവാദത്തെ തുടർന്നു സുജിത് ദാസിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് ആസ്ഥാനത്തു കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും തസ്തിക നൽകിയിരുന്നില്ല. സസ്പെൻഡ് ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് നടപടി. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അൻവർ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് അടിച്ചുമാറ്റിയെന്നും അൻവർ ആരോപിച്ചു. നേരത്തേ കസ്റ്റംസിൽ ജോലി ചെയ്തിരുന്ന സുജിത് ദാസ് ആ ബന്ധം ഇതിനായി ഉപയോഗപ്പെടുത്തി. സിസിടിവിയുള്ളതിനാൽ കസ്റ്റംസ് പിടിക്കുന്ന സ്വർണത്തിൽ തിരിമറി നടത്താനാവില്ല. അതിനാൽ, സ്വർണം ശ്രദ്ധയിൽപ്പെട്ടാലും കാരിയർമാരെ പിടികൂടാതെ കസ്റ്റംസ് സുജിത് ദാസിന് വിവരം കൈമാറും. എസ്പിക്കു കീഴിലുള്ള അന്വേഷണ സംഘമായ ഡാൻസാഫിനെ ഉപയോഗിച്ച് സ്വർണം പിടികൂടും. ഇവരെ രഹസ്യകേന്ദ്രത്തിലെത്തിച്ചു സ്വർണത്തിന്റെ നല്ലൊരു പങ്ക് എടുത്ത ശേഷം ബാക്കിയുള്ളതു കസ്റ്റംസിനു കൈമാറും എന്നാണ് അൻ‌വർ ആരോപിച്ചത്.

English Summary:

PV Anvar About SP Sujith Das Suspension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com