സഹ.സംഘത്തിലെ പണം കിട്ടുന്നില്ല, എന്റെ അതിജീവനം പ്രതിസന്ധിയിൽ: സജിത ശങ്കര്‍
Mail This Article
തിരുവനന്തപുരം ∙ ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടാത്തതിനാല്‍ ജീവിതം തന്നെ വഴിമുട്ടി ചിത്രകാരി സജിത ശങ്കര്‍. സജിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ജീവിതകാല സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട് വഴിയാധാരമായെന്ന പരാതിയുമായി ദിവസവും സജിതയെപ്പോലെ നിരവധി ആളുകളാണു രംഗത്തെത്തുന്നത്. കലാജീവിതത്തിനിടെ പത്തു വര്‍ഷക്കാലം കിട്ടിയ അവാര്‍ഡ് തുകയും ചിത്രങ്ങള്‍ വിറ്റു കിട്ടിയ സമ്പാദ്യവുമാണ് സജിത സഹകരണ സംഘത്തില്‍ നിക്ഷേപിച്ചത്. മാനേജര്‍ ദീപയുമായുള്ള അടുപ്പം കൊണ്ടാണ് പണം അവിടെ നിക്ഷേപിച്ചത്. അതിന്റെ പലിശ വാങ്ങിയാണ് വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു വിനിയോഗിച്ചിരുന്നതെന്നും സജിത ശങ്കര്‍ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
‘‘മറ്റു ജോലികള്‍ക്കൊന്നും പോകാതെ മുഴുവന്‍സമയ കലാപ്രവര്‍ത്തനം നടത്തുന്ന എന്റെ അതിജീവനം പ്രതിസന്ധിയിലായി. ഒന്നര വര്‍ഷമായി ഇതിന്റെ പിന്നാലെയാണ്. ചിത്രം വരയ്ക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പണം തിരികെ കിട്ടാനുള്ള പോരാട്ടത്തിലായിരുന്നു മുഴുവന്‍ സമയവും. ജീവിതത്തില്‍ വേറെ വഴിയില്ല. എന്നും ബാങ്കില്‍ പോയി രാത്രി വരെ അവിടെ ഇരിക്കേണ്ട അവസ്ഥ. ഏറെ പ്രതിസന്ധികള്‍ തരണം ചെയ്ത് ഒറ്റയ്ക്കു മുന്നോട്ടുപോകാന്‍ കരുത്തുളളതുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്’’– സജിത വ്യക്തമാക്കി. ബിജെപി നേതാവ് എം.എസ്.കുമാര്‍ പ്രസിഡന്റും ജി.മാണിക്യം വൈസ് പ്രസിഡന്റുമായ തകരപ്പറമ്പിലുള്ള തിരുവിതാംകൂര്‍ സഹകരണബാങ്കിലാണ് ഇവര്‍ പണം നിക്ഷേപിച്ചത്.
‘‘ഒന്നരവര്‍ഷം മുന്‍പ് യൂറോപ്യന്‍ പര്യടനത്തിന് പണം ആവശ്യമായി വന്നപ്പോഴാണ് രണ്ടു ലക്ഷം രൂപ പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയത്. ബാങ്കില്‍ ആവശ്യത്തിനു തുക ഇല്ലെന്നും പണം നല്‍കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു. പണം നല്‍കാതെ വന്നതോടെ അവിടെ നിരാഹാരമിരുന്നു. ഒടുവില്‍ ആറു തവണയായി രണ്ടു ലക്ഷം രൂപ നല്‍കി. വിദേശത്തുനിന്ന് തിരികെ എത്തിയപ്പോള്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഉള്‍പ്പെടെ കാലാവധി എത്തിയിരുന്നു. അത് എടുക്കാന്‍ ചെന്നപ്പോഴും പണമില്ലെന്ന പതിവു പല്ലവി തന്നെയാണ് ബാങ്കില്‍നിന്ന് ലഭിച്ചത്. ശരിക്കും ഞെട്ടിപ്പോയി. മാസവരുമാനമില്ലാതെ മുഴുവന്‍ സമയ കലാജീവിതവുമായി മുന്നോട്ടു പോകുന്നയാളാണ് ഞാന്‍. ഈ നിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. വാടക കൊടുക്കാനും പെട്രോള്‍ അടിക്കാനും പോലും പണം ഇല്ലാത്ത അവസ്ഥയായി. അതോടെ ദിവസവും ബാങ്കില്‍ പോയി നിരാഹാരമിരിക്കാന്‍ തുടങ്ങി. രാത്രിയില്‍ പൊലീസിനെ വിളിക്കും. വനിതാ പൊലീസ് ഉള്‍പ്പെടെ വരും. അപ്പോള്‍ ഇന്ന ദിവസത്തിനുള്ളില്‍ കുറച്ചു പണം കൊടുക്കാമെന്ന് വൈസ് പ്രസിഡന്റ് ജി.മാണിക്യം എഴുതി ഒപ്പിട്ടു തരും.
അവര്‍ പറഞ്ഞ തീയതിയിൽ ചെല്ലുമ്പോള്‍ വീണ്ടും കൈമലര്‍ത്തും. ബാങ്കില്‍ ഒരു പൈസ പോലുമില്ലെന്നു മാനേജര്‍ ദീപ പറയും. അങ്ങനെ തീയതികള്‍ നീണ്ടു പോയി. എം.എസ്.കുമാര്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചെന്നും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതി വന്നാല്‍ പണം തരാമെന്നും അടുത്തിടെ പറഞ്ഞു. അത് എഴുതി നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടന്നില്ല. പ്രസിഡന്റ് ഒളിവിലാണെന്നും മറ്റുമാണ് അറിഞ്ഞത്. ഒടുവില്‍ പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചു. ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. 78 പേരാണ് പരാതി നല്‍കിയിരിക്കുന്നത്. എല്ലാവരും സാധാരണക്കാരാണ്. അവരുടെയൊക്കെ ജീവിതമാണ് അപകടത്തിലായത്. എല്ലാവര്‍ക്കും നീതി ലഭിക്കണം. പലരും ആത്മഹത്യയിലേക്ക് ഒക്കെ പോകുന്നത് ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ്. ഏതെങ്കിലും ഘട്ടത്തില്‍ ഞാനും ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത വന്നേക്കാം’’– സജിത ശങ്കര്‍ പറഞ്ഞു.
∙ 5 കോടിയുടെ തട്ടിപ്പ്
തിരുവിതാംകൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്ത കേസുകള്‍ പ്രകാരം നിക്ഷേപ തട്ടിപ്പിന്റെ വ്യാപ്തി 5 കോടി രൂപ കടന്നു. 32 കോടി നഷ്ടം കണ്ടെത്തിയ സംഘത്തില്‍ ആകെ 2,152 നിക്ഷേപങ്ങളുണ്ട്. മുന്നൂറിലേറെപ്പേര്‍ക്ക് പേര്‍ക്കു പണം ലഭിക്കാനുണ്ടെങ്കിലും 115 പേര്‍ മാത്രമാണ് പരാതി നല്‍കിയത്. സംഘത്തിന്റെ സെക്രട്ടറി ഇന്‍ചാര്‍ജ് ആയിരുന്ന ദീപയെയും കേസില്‍ പ്രതിചേര്‍ത്തു. സംഘം മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ എം.എസ്.കുമാര്‍, സെക്രട്ടറി എസ്.ഇന്ദു എന്നിവര്‍ നേരത്തേതന്നെ പ്രതികളാണ്. കാലാവധി കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് കാട്ടി കഴിഞ്ഞ വര്‍ഷമാണ് നിക്ഷേപകര്‍ ആദ്യം സഹകരണ വകുപ്പിലും തട്ടിപ്പു പുറത്തു വന്നതോടെ പിന്നീടു പൊലീസിലും പരാതി നല്‍കിയത്. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതെ വായ്പ നല്‍കിയായിരുന്നു തട്ടിപ്പ്. ബിജെപി നേതാവായ ജി.മാണിക്യം (വൈസ് പ്രസിഡന്റ്), എം.ശശിധരൻ, എസ്.ഗോപകുമാർ, കെ.ആർ.സത്യചന്ദ്രൻ, എസ്.ഗണപതി പോറ്റി, ജി.ബിനുലാൽ, സി.എസ്.ചന്ദ്രപ്രകാശ്, ടി.ദീപ, കെ.എസ്.രാജേശ്വരി, ചന്ദ്രിക നായർ എന്നിവരാണ് അവസാന ഭരണസമിതിയിലെ അംഗങ്ങൾ. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ആരും മത്സരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് സംഘം.
സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽനിന്നു പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് ഉത്തരവായിട്ടുണ്ട്. ഇൗ സ്വത്തുവകകൾ ജപ്തിചെയ്തു നഷ്ടമായ പണം തിരിച്ചുപിടിക്കുകയെന്നതാണു നടപടി. ഇതിന് കാലതാമസം വരുമെന്നതിനാൽ നിക്ഷേപകർക്ക് ഉടനെ പണം കിട്ടുക എളുപ്പവുമല്ല. പരാതി നൽകിയവർക്ക് കിട്ടാനുള്ള തുക 5 കോടിക്ക് മുകളിൽ ആയാൽ മാത്രമേ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിന് കേസുകൾ ഏറ്റെടുക്കാനാകൂ. ഇൗ അന്വേഷണത്തിന്റെ പരിധിയിൽ വന്നാൽ നടപടിക്രമങ്ങൾക്കു വേഗം കൂടും. ഒരു കോടി വായ്പയെടുത്തു മരിച്ച ഭരണസമിതിയംഗത്തിന്റെ സ്വത്ത് കണ്ടെത്തേണ്ടിവരും.സഹകരണ വകുപ്പിന്റെ സഹായം ബാങ്കിന് ഉടനെ കിട്ടുമെന്ന പ്രതീക്ഷയുമില്ല. സഹകരണ നിയമപ്രകാരമുള്ള കേസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ സഹകരണവകുപ്പ് ഇടപെടൂവെന്നതാണു വ്യവസ്ഥ. മാത്രമല്ല, പുതിയ നിയമപ്രകാരം പുനരുദ്ധാരണ പാക്കേജ് സമർപ്പിച്ച് ബാങ്കിനെ രക്ഷപ്പെടുത്തുകയാണു ചെയ്യാനാകുക. നിക്ഷേപകരുടെ പണം നൽകാൻ വകുപ്പ് പണം കൈമാറുക എളുപ്പമല്ല. പിരിഞ്ഞു കിട്ടാനുള്ള 22 കോടി രൂപ ബാങ്കിൽ തിരിച്ചെത്തുന്ന മുറയ്ക്ക് അത്യാവശ്യം പരിഗണിച്ചു പണം തിരികെ നൽകാനാണ് ആലോചന.