പരിണാമ സിദ്ധാന്തം മുതൽ ബഹിരാകാശം വരെ; സ്കൂൾ ചുവരിൽ 400 ചിത്രങ്ങൾ, അധ്യാപകന്റെ വേറിട്ട വിരമിക്കൽ സമ്മാനം
Mail This Article
പത്തനംതിട്ട ∙ വിരമിക്കൽ സമ്മാനമായി അധ്യാപകൻ സ്കൂളിനു വരച്ചു നൽകിയതു നാനൂറോളം ചുവർചിത്രങ്ങൾ. ഒപ്പം മുൻ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണന്റെ ചിത്രം കൂടി ഇന്ന് സ്കൂളിനു സമർപ്പിച്ച് ഈ അധ്യാപകദിനത്തെ സാർഥകമാക്കുകയാണ് തിരുവല്ല മതിൽഭാഗം പുത്തൻപുരയിൽ എൻ.വി.കൃഷ്ണൻകുട്ടി (56). കാൽ നൂറ്റാണ്ടു നീണ്ട അധ്യാപന ജീവിതത്തിൽ നിന്നു പടിയിറങ്ങുമ്പോഴാണ് കൃഷ്ണൻകുട്ടിയുടെ തൂലികത്തുമ്പിലേക്ക് ആ ആശയം മഷിനിറച്ച് എത്തുന്നത്. തലയോലപ്പറമ്പ് എ.ജെ.ജോൺ മെമ്മോറിയൽ ഗവ.ഗേൾസ് എച്ച്എസ്എസ് സ്കൂളിന്റെ ചുവരിൽ 5 മുതൽ പ്ലസ് ടു വരെയുള്ള പാഠഭാഗങ്ങൾ ഓരോന്നായി ഇതൾ വിടർത്തി. പരിണാമ സിദ്ധാന്തത്തിൽ തുടങ്ങി ബഹിരാകാശത്തിൽ വരെ എത്തി നിൽക്കുന്ന ചിത്ര വൈവിധ്യം സ്കൂളിന്റെ പഠനാന്തരീക്ഷത്തെതന്നെ പ്രചോദനാത്മകമാക്കി.
കേരളത്തിലെ തന്നെ ആദ്യ സമ്പൂർണ ചുവർചിത്ര വിദ്യാലയം എന്ന വിശേഷണം സ്വന്തമായെങ്കിലും പ്രഖ്യാപനം നടത്താൻ അധികൃതർ ഇനിയും നടപടി എടുത്തിട്ടില്ല എന്ന് ചിത്രകാരൻ പറയുന്നു. ഇതിനിടെ സർവീസിൽ നിന്ന് വിരമിച്ചുവെങ്കിലും ദേശീയ നേതാക്കളുടെ ചിത്രങ്ങൾ കൂടി വരയ്ക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്. ഇതിൽ ആദ്യത്തേതാണ് ഇന്ന് സ്കൂളിനു കൈമാറുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജീവസ്സുറ്റ ചിത്രം. ലളിതകലാ അക്കാദമി മുൻ ചെയർമാൻ സി.കെ.രായുടെയും കേരള വർമ തമ്പുരാൻ, ടി.എ.എസ് മേനോൻ തുടങ്ങിയവരുടെയും ശിഷ്യനാണ് കൃഷ്ണൻകുട്ടി. സ്കൂൾ പിടിഎയും സഹഅധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഈ സംരംഭം പൊതുജനങ്ങൾക്കു കൂടി വൈകാതെ തുറന്നുകൊടുക്കണമെന്നും ഈ അധ്യാപകൻ പറയുന്നു. സംസ്ഥാനത്തെ പൊതു സ്ഥലങ്ങളും സ്കൂളുകളും റയിൽവേ– ബസ് സ്റ്റേഷനുകളും മറ്റും ബംഗാളിലെ ശാന്തിനികേതൻ മാതൃകയിൽ ചിത്രീകരണ വേദികളാക്കാനുള്ള ശ്രമത്തിലാണ്.