ADVERTISEMENT

സാംഗ്ലി (മഹാരാഷ്ട്ര) ∙ ഒരു വിഭാഗം ആളുകൾക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണു ബിജെപിയെന്നു ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

‘‘മഹാരാഷ്ട്രയുടെ ഡിഎൻ‌എയിൽ കോൺഗ്രസിന്റെ ആശയധാര തന്നെയാണ്. ഇന്ത്യയിൽ മുൻപു രാഷ്ട്രീയം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നു പ്രത്യയശാസ്ത്ര പോരാട്ടം നടക്കുകയാണ്. സാമൂഹിക പുരോഗതിയാണു ഞങ്ങൾ ആഗ്രഹിക്കുന്നത്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗം ആളുകൾക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കണമെന്നാണു ബിജെപിയുടെ ആഗ്രഹം. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഓരോ വ്യക്തിയോടും ക്ഷമാപണം നടത്തണം.

രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപി വിദ്വേഷം പടർത്തുകയാണ്. ഇത് പുതിയ കാര്യമല്ല, കാലങ്ങളായി അവർ ചെയ്തുവരുന്നതാണ്. പ്രത്യയശാസ്ത്രത്തിന്റെ ഈ പോരാട്ടം പഴയതാണ്. ഇന്ന് ബിജെപിയും കോൺഗ്രസും തമ്മിലാണു പോരാട്ടം. നേരത്തേ ഈ പോരാട്ടം നടത്തിയത് ശിവജി മഹാരാജും ഫുലെയുമാണ്. നിങ്ങൾ ഛത്രപതി ശിവജി മഹാരാജ്, ഷാഹുജി മഹാരാജ്, ഫുലെ, അംബേദ്കർ എന്നിവരെപ്പറ്റി വായിച്ചാൽ, അവരുടെ പ്രത്യയശാസ്ത്രവും കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവും ഒന്നാണെന്നു മനസ്സിലാകും. ജാതി സെൻസസ് കോൺഗ്രസ് നടപ്പിലാക്കുമെന്ന് ഞാൻ ലോക്‌സഭയിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യാസഖ്യം അത് നടപ്പിലാക്കും’’– രാഹുൽ പറഞ്ഞു.
 

English Summary:

"They want only a select few to get all benefits": Rahul Gandhi slams BJP at Maharashtra rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com