‘കെ.മുരളീധരനെ ബലിയാടാക്കി; പൂരം കലക്കിയാൽ ന്യൂനപക്ഷങ്ങൾ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുമോ?’
Mail This Article
കോഴിക്കോട് ∙ ലീഡർ കെ.കരുണാകരന്റെ മകൻ കെ.മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിനു പോയതായും സതീശൻ പറഞ്ഞിരുന്നു. വി.എസ്.സുനിൽകുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മുരളീധരനെ ചതിക്കാൻ വേണ്ടിയാണ്, വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽനിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണു സതീശനും സംഘവും ലക്ഷ്യമിട്ടത്. തൃശൂരിൽ ജയിക്കാമെന്ന് പറഞ്ഞു പറ്റിച്ചു ബലിയാടാക്കി. അവിടെ വിജയസാധ്യത സുനിൽകുമാറിനായിരുന്നു എന്നാണ് സതീശൻ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എൽഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചത്?– സുരേന്ദ്രൻ ചോദിച്ചു.
സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും സുരേന്ദ്രൻ പരിഹസിച്ചു. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്‌ലിംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് കിട്ടി. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോ? എന്ത് പച്ചക്കള്ളമാണ് സതീശൻ പറയുന്നത്?
എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് സർകാര്യവാഹിനെ കണ്ടുവെന്നു പറയുന്നത് 2023ൽ ആണ്. 2024 ഏപ്രിലിൽ നടന്ന പൂരം കലക്കാനാണോ അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത്? സതീശന്റെ വാദങ്ങൾക്കു ലോജിക് ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനും സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസ്സാണ്. പിണറായി വിജയന്റെ ഏജന്റാണു സതീശൻ. സതീശന്റെ അടുത്തയാളാണ് അജിത് കുമാർ. രാഹുൽ ഗാന്ധിയെയും കുഞ്ഞാലിക്കുട്ടിയെയും എഡിജിപി കണ്ടിട്ടുണ്ട്. കോൺഗ്രസിലെ എല്ലാനേതാക്കളുമായും അജിത് കുമാറിന് ബന്ധമുണ്ട്. കുഞ്ഞാലിക്കുട്ടിയെയും സതീശനെയും എഡിജിപി കണ്ടത് പരസ്യമായിട്ടാണോയെന്ന് സതീശൻ വ്യക്തമാക്കണം.
പുനർജനി കേസ് അന്വേഷണം വേണ്ടെന്നു വച്ചത് ഇതേ എഡിജിപിയാണ്. എന്റെ പേരിൽ എല്ലാ കേസും ചാർജ് ചെയ്തു, ചോദ്യം ചെയ്തു, നുണ പരിശോധിച്ചു, ജയിലിലടച്ചു. കോടികൾ വിദേശത്തുനിന്നു കൊണ്ടുവന്ന് പുനർജനി തട്ടിപ്പ് നടത്തിയ സതീശന്റെ രോമം തൊടാൻ എൽഡിഎഫ് സർക്കാർ തയാറായിട്ടുണ്ടോ? സതീശന്റെ പേരിൽ ഉയർന്നുവന്ന തട്ടിപ്പുകേസ് എന്തുകൊണ്ടാണ് കോൾഡ് സ്‌റ്റോറേജിൽനിന്ന് പുറത്തെടുക്കാത്തത്?. ഇവിടെ അന്തർധാര യുഡിഎഫും എൽഡിഎഫും തമ്മിലാണ്– സുരേന്ദ്രൻ പറഞ്ഞു.