‘എല്ലാ സാധ്യതകളും അടഞ്ഞപ്പോൾ ഭാരത് ജോഡോ യാത്ര തുടങ്ങി; അത് സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുവന്നു’

Mail This Article
ഹൂസ്റ്റൻ∙ ഭാരത് ജോഡോ യാത്രയാണ് സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിച്ചതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ സന്ദർശനത്തിനിടെ ടെക്സസ് സർവകലാശാലയിലെ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു രാഹുൽ.
എല്ലാ തരത്തിലുമുള്ള ആശയവിനിമയ സാധ്യതകളും അടച്ചതാണ് ഭാരത് ജോഡോ യാത്ര തുടങ്ങാൻ കാരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ ഞങ്ങൾ പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തില്ല. ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ നൽകിയില്ല. രേഖകളുമായി നിയമനടപടികൾ നടത്തിയിട്ടും ഒന്നും സംഭവിച്ചില്ല. എല്ലാ സാധ്യതകളും അടയപ്പെട്ടു. എങ്ങനെ ആശയവിനിമയം നടത്തണമെന്ന് കുറച്ചു കാലത്തേക്ക് അവ്യക്തതയുണ്ടായിരുന്നു. പിന്നീടാണ് രാജ്യത്തുടനീളം നടന്നെത്താനുള്ള ആശയം ലഭിക്കുന്നത്’’–രാഹുൽ ഗാന്ധി പറഞ്ഞു.
‘‘ഭാരത് ജോഡോ യാത്ര എന്റെ ജോലികളെ സംബന്ധിച്ച അടിസ്ഥാനപരമായ കാഴ്ചപ്പാടുകളെ മാറ്റി. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെയും യാത്ര പൂർണമായി മാറ്റി. ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന രീതിയും അവരെ കേൾക്കുന്ന രീതിയുമെല്ലാം യാത്രയിലൂടെ മാറി. രാജ്യത്ത് ആദ്യമായി സ്നേഹത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കാനായി. ലോകത്തുതന്നെ ഈ രീതി വിരളമായിരുന്നു. മിക്ക രാജ്യങ്ങളിലെയും രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്ക് കാണാറില്ല. ദേഷ്യം, അസഹിഷ്ണുത, അഴിമതി എന്നിവയാണ് കാണാനാകുക. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സ്നേഹത്തിന്റെ രാഷ്ട്രീയം കൊണ്ടുവരാനും അത് പ്രാവർത്തികമാക്കാനും ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞു’’–രാഹുൽ ഗാന്ധി പറഞ്ഞു.
യുഎസിൽ 3 ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഹുൽ ഗാന്ധിക്ക് ഡാലസ് വിമാനത്താവളത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഇന്ത്യൻ പ്രവാസികളും നൽകിയത് ഊഷ്മളമായ സ്വീകരണമാണെന്നു രാഹുൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട ചർച്ച നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി രാഹുൽ പറഞ്ഞു.