മുഖ്യമന്ത്രി മൗനത്തില്‍, ഉത്തരം പറയിക്കാനുറച്ച് സിപിഐ; ന്യൂനപക്ഷ നിലപാടില്‍ കടുത്ത ആശങ്ക
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആര്‍.അജിത്കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും തമ്മിലുള്ള കൂടിക്കാഴ്ചാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുമ്പോള്‍, ഉത്തരം പറയിച്ചേ അടങ്ങൂ എന്ന നിലപാടില്‍ ദേശീയ തലത്തിലേക്കു ചര്‍ച്ച എത്തിച്ച് സിപിഐ. പ്രതിപക്ഷം ഉന്നയിക്കുന്ന ആര്‍എസ്എസ് രഹസ്യബാന്ധവ ആരോപണം വരും തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയത്തിന്റെ വിത്തുപാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക സിപിഎം, എല്‍ഡിഎഫ് നേതൃത്വങ്ങള്‍ക്കുമുണ്ട്.
വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടില്‍ സിപിഎമ്മിലും എല്‍ഡിഎഫിലും അതൃപ്തി പുകയുന്നതിനിടെയാണ് ഉത്തരം ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പ്രതികരിച്ചത്. എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്നതില്‍ ഉത്തരം വേണമെന്നാണ് ഡി.രാജയുടെ ആവശ്യം. വിഷയത്തെ സിപിഐ ഗൗരവമായി കാണുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎമ്മിനു ബാധ്യതയില്ലെന്നും പരിശോധിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചതിനു പിന്നാലെയാണു രാജ കടുപ്പിച്ചത്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിശദീകരിക്കണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തൃശൂരിലെ തിരഞ്ഞെടുപ്പുമായി കൂടിക്കാഴ്ചയ്ക്കു ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ സംശയമുന സിപിഎമ്മിലേക്കു നീട്ടുകയാണു സിപിഐ. ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമസമാധാനച്ചുമതലയില്‍നിന്ന് എഡിജിപി അജിത്‌കുമാറിനെ മാറ്റി നിര്‍ത്താതിരിക്കുന്നതു പൊതുസമൂഹത്തില്‍ സംശയങ്ങള്‍ക്കിടയാക്കുമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. പി.വി.അന്‍വര്‍ എംഎൽഎ ഉന്നയിച്ച സ്വര്‍ണക്കടത്ത്, കൊലപാതകം തുടങ്ങിയ ആരോപണങ്ങളേക്കാള്‍ ഭരണപക്ഷത്തെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ച ആര്‍എസ്എസ് രഹസ്യബാന്ധവമാണ്.
മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണ് അജിത്കുമാർ ആര്‍എസ്എസ് നേതാവിനെ കണ്ടതെന്ന ആരോപണം സതീശന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ല. കൂടിക്കാഴ്ച വിവാദം ഉള്‍പ്പെടെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ വിവാദം സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറയിളക്കാന്‍ കെല്‍പുള്ളതാണെന്ന തിരിച്ചറിവിലാണു നേതൃത്വം.
ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിയോടു കൂടുതല്‍ ആഭിമുഖ്യം കാട്ടിത്തുടങ്ങി എന്ന് എല്‍ഡിഎഫ് കരുതുന്ന കാലയളവിലാണു മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി രഹസ്യകൂടിക്കാഴ്ച നടത്തി എന്ന ആരോപണം ഉയരുന്നത്.
എഡിജിപി– ആര്‍എസ്എസ് കൂടിക്കാഴ്ച കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം പൂരം കലങ്ങിയതും തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിച്ചതും കൂട്ടിച്ചേര്‍ത്ത് അതിശക്തമായ പ്രചാരണം പ്രതിപക്ഷം ഉയര്‍ത്തുക്കൊണ്ടുവരുന്നതു ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയത്തിനു വഴിവയ്ക്കുമെന്ന ആശങ്കയുമുണ്ട്. വിവാദത്തില്‍നിന്നു പരമാവധി അകലം പാലിക്കാനുള്ള തീരുമാനത്തിലാണു സിപിഎം. മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും വിഷയം കൈകാര്യം ചെയ്യട്ടെ എന്നും പാര്‍ട്ടി നേതൃത്വം കരുതുന്നു.
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടാല്‍ എന്താണു കുഴപ്പമെന്നു കഴിഞ്ഞ ദിവസം ചോദിച്ച എം.വി.ഗോവിന്ദന്‍ ഇന്നലെ നിലപാടു തിരുത്തിയത് ഇതിന്റെ ഭാഗമായാണെന്നാണു സൂചന. കോവളത്ത് വച്ച് ആര്‍എസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ, ചെന്നൈയില്‍ ബിസിനസ് നടത്തുന്ന ഒരാളും എഡിജിപിക്കൊപ്പം ഉണ്ടായിരുന്നുവെന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ ദുരൂഹത ഏറിയിരിക്കുകയാണ്.