ചടയൻ ഗോവിന്ദൻ അനുസ്മരണം: വിട്ടുനിന്ന് ഇ.പി; ആയുർവേദ ചികിത്സയിലെന്ന് പാർട്ടി വിശദീകരണം
Mail This Article
കണ്ണൂർ∙ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ നിന്ന് ഇ.പി. ജയരാജൻ വിട്ടുനിന്നു. ആയുർവേദ ചികിത്സയിലായതിനാലാണ് പരിപാടിയിൽ പങ്കെടുക്കാത്തെതന്നും, അതല്ലാതെ അതൃപ്തി കൊണ്ടല്ലെന്നുമാണ് ഇ.പിയുടെ അസാന്നിധ്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ മറുപടി. ഇ.പിയുടെ വീട്ടിൽ പോയി നോക്കിയാൽ അദ്ദേഹത്തെ കാണാമെന്നും ആയുർവേദ ചികിത്സയുടെ വിശദാംശങ്ങൾ അറിയാമെന്നും എം.വി.ജയരാജൻ പറഞ്ഞു.
കണ്ണൂർ പയ്യാമ്പലത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരുന്നത്. പരിപാടിയിൽ ഇ.പി പങ്കെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നതും.
അതേസമയം ചടയൻ ഗോവിന്ദനെ ഉദാഹരിച്ചു കൊണ്ടായിരുന്നു ഉദ്ഘാടകനായ മുൻ സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ സംസാരിച്ചത്. ‘‘പാര്‍ട്ടിവിരുദ്ധമായ ഒരു നിലപാടിന്റെ മുന്നിലും ചടയന്‍ ചാഞ്ചാടിയിട്ടില്ല. സൗമ്യനായ ചടയന്‍ പാര്‍ട്ടി വിരുദ്ധതയുടെ മുന്നിലാണ് സിംഹത്തെപ്പോലെ തല ഉയര്‍ത്തി പോരാടിയിട്ടുള്ളത്. എന്നാൽ സിപിഎമ്മിൽ ചിലർക്ക് ഇപ്പോൾ തെറ്റിദ്ധാരണ ഉണ്ട്. ഇത്ര കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് പാർട്ടി ഒന്നും തിരികെ നൽകിയില്ല എന്ന് ചിലർ കരുതുന്നു. എന്നാൽ ചടയൻ ഗോവിന്ദൻ അങ്ങനെ ആയിരുന്നില്ല.’’ – എ.വിജയരാഘവന്റെ പറഞ്ഞു.