ADVERTISEMENT

ന്യൂഡൽഹി∙ കാൻസർ മരുന്നുകൾക്കുള്ള ചരക്ക്–സേവന നികുതി (ജിഎസ്ടി) കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. 12 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായാണ് കുറച്ചത്. ഓൺലൈൻ ഗെയിമുകൾക്ക് ജിഎസ്ടി പ്രഖ്യാപിച്ചതിനുശേഷം ഈയിനത്തിലെ വരുമാനത്തിൽ വർധനയുണ്ടായതായി ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ പറഞ്ഞു. വരുമാനം 6,909 കോടി രൂപയായി. ആറു മാസത്തിനുള്ളിലാണ് ഈ വർധനയെന്നും മന്ത്രി പറഞ്ഞു. തിരഞ്ഞെടുത്ത ലഘുഭക്ഷണങ്ങളുടെ ജിഎസ്ടിയിലും കുറവുവരുത്താനും യോഗം തീരുമാനിച്ചു.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന് ജിഎസ്ടി കുറയ്ക്കുന്നതിൽ നവംബറിൽ ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചു. ബിഹാർ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സമിതി. ഒക്ടോബറോടെ സമിതിയോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന നികുതി ഉദ്യോഗസ്ഥർ അടങ്ങുന്ന ഫിറ്റ്‌മെന്റ് കമ്മിറ്റി ജിഎസ്ടി, ലൈഫ്, ഹെൽത്ത്, റീഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികളുടെ നിലവിലെ ജിഎസ്ടി നിരക്ക് 18 ശതമാനമാണ്. പോളിസി ഉടമകളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ഇത് കുറയ്ക്കാനാകുമോ എന്നായിരുന്നു പ്രതീക്ഷ. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ബംഗാൾ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ നേരത്തെ അപേക്ഷ നൽകിയിരുന്നു.

അതേസമയം, ഓൺലൈൻ പേയ്മെന്റുകൾക്കുള്ള നികുതി യോഗത്തിൽ ചർച്ചയായില്ല. 2000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളിൽ നിന്ന് ഓൺലൈൻ പേയ്മെന്റ് സേവനദാതാക്കൾ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിർദേശം തൽകാലം നടപ്പാകില്ല. ഇക്കാര്യം പരിശോധിക്കാൻ ഫിറ്റ്മെന്റ് കമ്മിറ്റിക്ക് കൈമാറിയെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗർവാൾ പറഞ്ഞു. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർ‌ട്ട് സമർപ്പിക്കുന്ന കമ്മിറ്റിയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർതീരുമാനങ്ങൾ. 2,000 രൂപയ്ക്ക് താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്തുന്നത് അടുത്ത യോഗത്തിൽ ജിഎസ്ടി കൗൺസിൽ പരിഗണിക്കും.

ഷെയറിങ് അടിസ്ഥാനത്തിൽ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകൾക്കുള്ള ജിഎസ്ടി നിലവിലെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങൾക്ക് 18% ജിഎസ്ടി ഈടാക്കും. സർവകലാശാലകൾക്ക് ഗവേഷണ-വികസന (ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ ലഭിക്കുന്ന ഗ്രാന്റിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കും. അടുത്തിടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ) 7 സർവകലാശാലകൾക്ക് 220 കോടി രൂപയുടെ ഗ്രാന്റ് സംബന്ധിച്ച ജിഎസ്ടിക്ക് നോട്ടിസ് അയച്ചിരുന്നു. ടൂവീലർ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് കുറയ്ക്കണമെന്ന ആവശ്യം കൗൺസിൽ അംഗീകരിച്ചില്ല.

English Summary:

GST on Online Transactions Below ₹2,000 Deferred: Council Seeks Further Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com