ADVERTISEMENT

കൊച്ചി∙ തൃശൂരിൽ സൗജന്യ ഡയാലിസ് കേന്ദ്രം തുറന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ഡയാലിസിസ് കേന്ദ്രത്തിന്റെ നിർമാണത്തിനായി ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ വകയിരുത്തിയ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്. ശ്രീകുമാർ എന്ന ഭക്തൻ നൽകിയ ഹർജിയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.

73-ാം വാർഷികത്തോടനുബന്ധിച്ച് 2023 നവംബർ 15നായിരുന്നു ഡയാലിസിസ് സെന്റർ ആരംഭിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. കിഡ്നി രോഗമനുഭവിക്കുന്ന സാധുക്കളായവരെ സഹായിക്കാനായായിരുന്നു നടപടി. ഇതിനുള്ള പണം സംഭാവനയായും സ്പോൺസർഷിപ് മുഖേനയും കണ്ടെത്താനും തീരുമാനമുണ്ടായി. ദേവസ്വം പൊതുഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ഉപയോഗിച്ച് ഡയാലിസിസ് കേന്ദ്രം തുറക്കുകയും ഈ തുക സംഭാവനകളും സ്പോൺസർഷിപ്പുമായി തിരിച്ചടയ്ക്കാനും തീരുമാനിച്ചു. തൃശൂരിൽ ഉപയോഗിക്കാതെ കിടന്ന ദേവസ്വം ക്വാർട്ടേഴ്സുകളിലൊന്ന് പുതുക്കിപ്പണിതാണ് ഡയാലിസിസ് കേന്ദ്രം ആരംഭിച്ചത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

ഡയാലിസിസ് കേന്ദ്രത്തിനു വേണ്ടി എറണാകുളം റോട്ടറി ക്ലബ് ഒരു ഡയാലിസിസ് മെഷീൻ ഇവിടേക്ക് സംഭാവന ചെയ്തിരുന്നു. തൃശൂരിലെ ദയ ആശുപത്രി ഡയാലിസിസ് സെന്റർ നടത്താമെന്ന് അറിയിച്ചിരുന്നു. സത്യസായി ഓർഫനേജ് ട്രസ്റ്റ് തങ്ങളുടെ സേവനം ഇവിടേക്ക് വാഗ്ദാനം ചെയ്യുകയും ബോർഡ് ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാൽ 40 ലക്ഷം രൂപ ഇത്തരത്തിൽ വകയിരുത്താൻ ബോർഡിന് അധികാരമില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ബോർഡ് നിലവിൽ വന്ന ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ടിലെ വ്യവസ്ഥകൾ ഇതിന് അനുവദിക്കുന്നില്ലെന്നും 20 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവഴിക്കണമെങ്കിൽ കോടതിയുടെ അനുമതി തേടിയിരിക്കണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com