ADVERTISEMENT

മേപ്പാടി∙ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ താൽക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക, ഓണത്തിന് മുൻപ് നൽകുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫിസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കി.

ഈ ലിസ്റ്റ്  ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ, താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹൽസീദാർ എന്നിവർ ഉൾപ്പെടുന്ന മൂന്ന് അംഗ സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 24 പേർ സ്വന്തം വീടുകളിലേക്ക് മാറി താമസിച്ചിട്ടുണ്ട്. മാറിതാമസിച്ചവരുടെ മുഴുവൻ ലിസ്റ്റ് തയ്യാറാക്കി ഓണത്തിന് മുമ്പ് ഇവർക്ക് ഏതെങ്കിലും വിധത്തിൽ കുടിശ്ശിക നൽകാൻ ഉണ്ടെങ്കിൽ അത് നൽകും. റവന്യൂ  ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രത്യേകം നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

‘‘സംസ്കാരത്തിനായി  173 പേർക്കാണ് ധനസഹായം നൽകിയിരിക്കുന്നത്. അടിയന്തര സഹായമായി നൽകുന്ന 10,000 രൂപ വീതം 931 കുടുംബങ്ങൾക്ക് നൽകി. ധനസഹായം നൽകാനുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ബാക്കി ഉണ്ടെങ്കിൽ ഓണത്തിനകം ലഭ്യമാക്കും. കൃഷി, വിദ്യാഭ്യാസം, എം.എസ്.എം.ഇ, വാഹനം ഉൾപ്പെടെ 1749 ലോണുകളാണ് നിലവിലുള്ളത്. വൈത്തിരി താലൂക്കിലെ ജപ്തി നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചിരിക്കുകയാണ്.’’ – മന്ത്രി പറഞ്ഞു.‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ലോണുകൾ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതരോട് സംസാരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർക്ക്  പുനരധിവാസം ഒരുക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും  ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ  റിപ്പോർട്ടു പ്രകാരം താമസയോഗ്യമല്ലാത്ത വീടുകളുടെ വിവരങ്ങളും  പൊതു സമൂഹത്തിനു മുമ്പിൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസത്തിന് ലഭ്യമായ ഭൂമികൾ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. സ്ഥലങ്ങളുടെ സാധ്യതകൾ കണ്ടെത്തി ഏറ്റവും അനുയോജ്യമായത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കും. ദുരന്ത സ്ഥലത്ത് ഇനിയും തിരിച്ചിൽ നടത്താൻ ആവശ്യപ്പെട്ടാൽ തുടരുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ വാർത്താസമ്മേളനത്തിൽ സന്നിഹിതയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com