ADVERTISEMENT

കോട്ടയം∙ പുതിയ എസി ബസുമായി കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാരെ ലഭിക്കുന്നില്ലെന്ന് റോബിൻ ബസ് ഉടമ ഗിരീഷ്. എംവിഡി ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം 70 ദിവസത്തോളമാണ് ബസ് കട്ടപ്പുറത്ത് ഇരുന്നത്. പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചത്. അപ്പോഴേക്കും കെഎസ്ആർടിസി അടക്കം ബുക്കിങ് എടുത്തെന്നും ഇനി യാത്രക്കാരെ കിട്ടാൻ പ്രയാസമാണെന്നും ബസ് ഉടമയായ ഗിരീഷ് മനോരമ ഓൺലൈനോട് പ്രതികരിച്ചു.

‘‘ഇന്നാണ് സർവീസ് ആരംഭിച്ചത്. ഇതുവരെ എംവിഡി ഉദ്യോഗസ്ഥരുടെ ശല്യമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ 70 ദിവസം കഴിഞ്ഞ് മാത്രമാണ് ബസ് സർവീസിനിറക്കാൻ സാധിച്ചത്. അനാവശ്യ നൂലാമാലകൾ കാരണം പെർമിറ്റ് ലഭിക്കാൻ വൈകി. ഇതുമൂലമാണ് സർവീസ് ആരംഭിക്കൽ ഇത്രയും നീണ്ടുപോയത്. ഇല്ലെങ്കിൽ 20 ദിവസം മുൻപെങ്കിലും സർവീസ് ആരംഭിക്കാമായിരുന്നു. അതിസുരക്ഷാ നമ്പർ പ്ലേറ്റിന്റെ പേരിലാണ് അവസാനം എംവിഡി പെർമിറ്റ് നൽകാൻ വിസമ്മതിച്ചത്. മുന്നിലും പിന്നിലുമുള്ള നമ്പർ പ്ലേറ്റ് മാത്രമേ കമ്പനി നൽകുകയുള്ളൂ. എന്നാൽ വശങ്ങളിൽ കൂടി അതിസുരക്ഷാ നമ്പർ പ്ലേറ്റ് വയ്ക്കാനായിരുന്നു എംവിഡി നിർദേശം. കമ്പനിയെ സമീപിച്ചപ്പോൾ ഒരു വാഹനത്തിന് രണ്ടിൽ കൂടുതൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നൽകാനാവില്ല എന്നാണ് അവർ പറഞ്ഞത്.’’ – ഗിരീഷ് പറഞ്ഞു.

‘‘അത് പരിഹരിച്ചപ്പോൾ ബസിനകത്ത് മൈക്ക് അനൗൺസ്മെന്റ് സംവിധാനമില്ലെന്നായി പിന്നത്തെ കണ്ടുപിടിത്തം. അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ. യാത്രക്കാർ വളരെ കുറവാണ്. ഇനി ബുക്കിങ് കിട്ടുമോയെന്ന് അറിയില്ല. സർവീസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.’’ – ഗിരീഷ് പ്രതികരിച്ചു.

നിലവിൽ പുലർച്ചെ 3.30ന് പുനലൂരിൽ നിന്നും യാത്ര തിരിക്കുന്ന ബസ്, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, മണ്ണുത്തി, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിൽ എത്തിച്ചേരും. തിരികെ വൈകിട്ട് 5ന് യാത്ര തിരിക്കുന്ന ബസ്, വൈറ്റില വഴി രാത്രി 12.45ന് പുനലൂരിൽ എത്തിച്ചേരും.

English Summary:

Robin Bus Owner Battles Bureaucracy, Launches Coimbatore Service Despite Delays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com