ADVERTISEMENT

തിരുവനന്തപുരം: ജലഅതോറിറ്റിയെ മാത്രം വെള്ളത്തിന്​ മുഖ്യമായും ആശ്രയിക്കുന്ന നഗരവാസികൾ കഴിഞ്ഞ നാലുനാൾ അനുഭവിച്ചത്​ സമാനകളില്ലാത്ത ദുരിതം. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയ്നിന്റെ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച രാവിലെ എട്ടുവരെ വെള്ളം മുടങ്ങുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്​.

അറിയിപ്പിൽ പറഞ്ഞ സമയപരിധിക്കുള്ളിൽ ജലവിതരണം പുനഃസ്​ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്ന നഗരവാസികളെ നിരാശപ്പെടുത്തുന്നതായിരുന്നു തുടർന്നുണ്ടായ സംഭവവികാസങ്ങൾ. പണി തീരാൻ വൈകുമെന്നും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നും ​അറിയിപ്പുകൾ വന്നു. ഞായറാഴ്ചയോടെ പുലർച്ചയോടെ ജലവിതരണം സാധാരണ നിലയിലാവുമെന്നായിരുന്നു ശനിയാഴ്ച വൈകിട്ട്​ അധികൃതർ നൽകിയ ഉറപ്പ്​. എന്നാൽ ഇതും പാലിക്കാനായില്ല. 

പുത്തൻപള്ളി, ആറ്റുകാൽ, വലിയതുറ, പൂന്തുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളകം, മുട്ടത്തറ, പുഞ്ചക്കരി, പൂജപ്പുര, കരമന, ,ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, പാപ്പനംകോട്, മേലാംകോട്,  വെള്ളായണി, എസ്റ്റേറ്റ്, നേമം, പ്രസാദ് നഗർ, തൃക്കണ്ണാപുരം, പുന്നയ്ക്കാമുകൾ, തിരുമല, വലിയവിള, പി.ടി.പി, കൊടുങ്ങാനൂർ, കാച്ചാണി, നെട്ടയം, വട്ടിയൂർക്കാവ്, കാഞ്ഞിരംപാറ, പാങ്ങോട്, തുരുത്തുമൂല,  ശ്രീവരാഹം, അമ്പലത്തറ, മണക്കാട്, കുര്യാത്തി, വള്ളക്കടവ്, കമലേശ്വരം, തിരുവല്ലം, പൂങ്കുളം, പാളയം, വഞ്ചിയൂർ, കുന്നുകുഴി, പട്ടം വാർഡുകളിലാണ്​ ജലവിതരണം ജനജീവിതം ഏറെ ദുസ്സഹമാക്കിയത്​. വീടുകളിൽ ആഹാരം പാകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും  കഴിയാതെ ജനം വലഞ്ഞു. കിണറുള്ള വീടുകളിൽ നിന്നും ടാങ്കറുകളിൽ വെള്ളമെത്തിയ ഇടങ്ങിൽ ക്യൂ നിന്നുമൊ​ക്കെയാണ്​ വയോധികരടക്കം വെള്ളം ശേഖരിച്ചത്​. 

വെള്ളി, ശനി ദിവസങ്ങളിൽ സെക്രട്ടേറിയറ്റ്​, വിവിധ സർക്കാർ ഓഫീസുകൾ, ഹോട്ടലുകൾ, കാന്‍റീനുകൾ, ഹോസ്റ്റലുകൾ തുടങ്ങിയവയുടെ പ്രവർത്തനം അവതാളത്തിലായി. ഞായറാഴ്ച ഓഫീസുകളും സ്ഥാനങ്ങളും അവധിയായിരുന്നതിനാൽ ജലക്ഷാമത്തിന്‍റെ കെടുതി നേരിടേണ്ടിവന്നില്ല. അതേസമയം ഞായറാഴ്​ച രാത്രിയോടെ ‘എല്ലാംശരിയാകും’ എന്ന്​ കരുതിയിരുന്ന ഗാർഹിക ഉപഭോക്​താക്കളടക്കം നിരാശരായി. പൈപ്പിൽ വെള്ളമെത്തുമെന്ന്​ ​പ്രതീക്ഷിച്ചിരുന്നവർ പുലർച്ചെയോടെ പാത്രങ്ങളുമെടുത്ത്​ വെള്ളത്തിനായി അലയേണ്ട സാഹര്യമുണ്ടായി. ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ ശനിയാഴ്ച ​ക്രമീകരണമൊരുക്കിയിരു​ന്നുവെങ്കിലും മിക്കയിടങ്ങളിലും ജനങ്ങൾക്ക്​ ആവശ്യാനുസരണം വെള്ളം ലഭിച്ചില്ല.

English Summary:

Days-Long Water Shortage in Thiruvananthapuram Disrupts Daily Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com