‘കുടിവെള്ള’ രാഷ്ട്രീയം: മേയർ രാജിവയ്ക്കണമെന്ന് യുഡിഎഫ്; പ്രതിഷേധവുമായി ബിജെപിയും

Mail This Article
തിരുവനന്തപുരം∙ കുടിവെള്ള പ്രശ്‌നം രാഷ്ട്രീയപ്പോരിലേക്ക്. നഗരത്തില്‍ അഞ്ചു ലക്ഷത്തോളം ആളുകള്‍ക്കു കുടിവെള്ളം മുടങ്ങിയതിന്റെ പേരില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധസമരം ആരംഭിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ജല അതോറിറ്റി ആണെങ്കിലും ആളുകള്‍ക്കു വെള്ളം ലഭ്യമാക്കാനുള്ള ബദല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ കോര്‍പറേഷൻ പരാജയപ്പെട്ടുവെന്നും ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജി വയ്ക്കണമെന്നുമാണ് യുഡിഎഫ് ആവശ്യം.
കോര്‍പറേഷനു മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. കുടിവെള്ളം മുട്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. കുടിവെള്ള പ്രശ്‌നം പല തവണ കോര്‍പറേഷന്‍ യോഗങ്ങളില്‍ ഉന്നയിച്ചിട്ടും ആവശ്യത്തിനു നടപടി സ്വീകരിച്ചില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. വിഷയത്തില്‍ ബിജെപി കൗണ്‍സിലര്‍മാരും പ്രതിഷേധം ശക്തമാക്കുകയാണ്.
മേയറുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യുവും കോര്‍പറേഷനു മുന്നില്‍ സമരം ചെയ്തു. കുട്ടികളുടെ പഠിപ്പു മുടക്കിയ കുടിവെള്ള പ്രശ്‌നത്തിനു കാരണം കോര്‍പറേഷന്‍ ആണെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ ഓഫിസിലേക്കു തള്ളിക്കയറുകയായിരുന്നു.