മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി വാഷിങ് മെഷീനിൽ ഒളിപ്പിച്ചു; അയൽവാസിയായ യുവതി അറസ്റ്റിൽ
Mail This Article
തിരുനെൽവേലി∙ മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ച സംഭവത്തിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലിക്ക് സമീപം രാധാപുരത്താണ് കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരില്‍ ദാരുണമായ കൊലപാതകം. നിർമാണത്തൊഴിലാളിയായ വിഘ്നേഷിന്റെയും രമ്യയുടെയും മകനായ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ തങ്കമ്മാളിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. അങ്കണവാടിയിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി അമ്മ വന്നപ്പോഴാണ് കുട്ടിയെ കാണാതായ വിവരം മനസിലാക്കിയത്. തുടർന്ന് വിഘ്നേഷ് രാധാപുരം പൊലീസിൽ പരാതി നൽകി. പൊലീസെത്തി സമീപത്തെ വീടുകളിൽ നടത്തിയ തിരച്ചിലിലാണ് അയൽവാസിയായ തങ്കമ്മാളിന്റെ വീട്ടിലെ വാഷിങ് മെഷീനിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വിഘ്‌നേഷും തങ്കമ്മാളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി എസ്പി എൻ.സിലംബരശൻ പറഞ്ഞു. തങ്കമ്മാളിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. അടുത്തിടെയുണ്ടായ ഒരു അപകടത്തിൽ തങ്കമ്മാളിന്റെ മകൻ മരിച്ചെന്നും, തങ്കമ്മാളിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നുമാണ് അയൽവാസികൾ പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കന്യാകുമാരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.