‘ചെറിയ ഇഷ്യു ഉണ്ട്, സീനാണ്’: വിഷ്ണുജിത്ത് സുഹൃത്തുക്കളോട് പറഞ്ഞു; ബസ്സിൽ കയറുമ്പോൾ കയ്യിൽ ബാഗും
Mail This Article
മലപ്പുറം∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചന. സുഹൃത്തുക്കളാണ് ഇതു സംബന്ധിച്ച വിവരം പൊലീസിനു നൽകിയത്. ‘ ഒരു ചെറിയ ഇഷ്യു ഉണ്ട്. പണം കൊടുത്തില്ലെങ്കിൽ സീനാണ്’ എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ കയ്യിൽനിന്ന് വിവാഹാവശ്യത്തിന് ഒരു ലക്ഷംരൂപ വാങ്ങാൻ വിഷ്ണുജിത്ത് കഞ്ചിക്കോട്ട് വന്നിരുന്നതായി സുഹൃത്ത് ശരത് ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. നാലാം തീയതി 11.45നാണ് പണം നൽകിയത്. മുൻപ് ഐസ് ഫാക്ടറിയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. വിവാഹാവശ്യത്തിനാണ് പണമെന്നു മാത്രമാണ് പറഞ്ഞത്. 14ന് മടക്കി നൽകാമെന്ന് പറഞ്ഞു. ചില സാമ്പത്തിക പ്രശ്നങ്ങളുള്ളതായി സൂചിപ്പിച്ചിരുന്നു. പണം വാങ്ങി പോയതിനുശേഷം വിഷ്ണുജിത്ത് വിളിച്ചിട്ടില്ല. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു.
കോയമ്പത്തൂരിലേക്ക് പോകാൻ വിഷ്ണുജിത്ത് ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിലുള്ളത് വിഷ്ണുജിത്താണെന്ന് കുടുംബം സ്ഥിരീകരിച്ചു. വെള്ള ഷർട്ടായിരുന്നു വീട്ടിൽനിന്ന് പോകുമ്പോഴുള്ള വേഷം. വീട്ടിൽനിന്ന് പോകുമ്പോൾ ബാഗുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ ബാഗ് ഉണ്ട്. സേലത്ത് വിഷ്ണുവിന്റെ അമ്മാവൻ താമസിക്കുന്നുണ്ട്. ചടങ്ങുകൾ ഉണ്ടെങ്കിൽ മാത്രമേ അവിടെ പോകാറുള്ളൂ. നാലാം തീയതി 12.45ന് കല്യാണ ആവശ്യത്തിനു 10,000രൂപ വിഷ്ണുജിത്ത് കൈമാറിയതായി സഹോദരി പറഞ്ഞു. ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അവരുമായി പ്രശ്നമുണ്ടായതാണോ എന്ന് സംശയിക്കുന്നതായും സഹോദരി പറഞ്ഞു.
ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയതെന്നും കുടുംബം പറയുന്നു. വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടിൽ വിളിച്ചറിയിച്ചു. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. ഫോൺ സ്വിച്ച് ഓഫ് ആണ്.