ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചിയില്‍ 2017ല്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം വന്‍ വിവാദമായതിനു പിന്നാലെ മുഖം മിനുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തന്നെ മുഖം നഷ്ടമാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രൂരമായ ലൈംഗിക ചൂഷണങ്ങളും പോക്‌സോ അതിക്രമങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളും അടങ്ങുന്ന ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയിട്ട് വര്‍ഷങ്ങളോളം ഒരു നടപടിയും സ്വീകരിക്കാതെ കോള്‍ഡ് സ്‌റ്റോറേജില്‍ വയ്ക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ തൊടുന്യായങ്ങളും ഹൈക്കോടതിയില്‍ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവരുടെ മുന്നില്‍ പൊളിഞ്ഞടുങ്ങി.

മൂന്നു വര്‍ഷത്തോളം ഒന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞുവെന്ന ഹൈക്കോടതിയുടെ ചോദ്യവും സര്‍ക്കാരിന്റേത് ഭയപ്പെടുത്തുന്ന നിഷ്‌ക്രിയത്വമാണെന്നുള്ള നിരീക്ഷണവും പൊതുസമൂഹത്തിനു മുന്നില്‍ ഇടതു സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകരുടെയും വിവരാവകാശ കമ്മിഷന്റെയും വര്‍ഷങ്ങള്‍ നീണ്ട നിരന്തരമായ ഇടപെടലിനൊടുവില്‍ ഗത്യന്തരമില്ലാതെയാണ് മാസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറായത്. സ്വകാര്യത ചൂണ്ടിക്കാട്ടി ഒഴിവാക്കിയ ഭാഗങ്ങള്‍ ഇല്ലാതെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നതെങ്കിലും അതിലെ പരാമര്‍ശങ്ങള്‍ നാടിനെയാകെ ഞെട്ടിപ്പിക്കുന്നതായി. അതോടെ റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാതെ വര്‍ഷങ്ങളോളം കോള്‍ഡ് സ്‌റ്റോറേജില്‍ വച്ചിരുന്നതെന്ന ചോദ്യമാണ് പ്രധാനമായി ഉയര്‍ന്നത്. അതിനെ പ്രതിരോധിക്കാന്‍ സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ ഉയര്‍ത്തിയ ന്യായീകരണക്കോട്ടയാണ് ഇന്നു ഹൈക്കോടതിയില്‍ തകര്‍ന്നുവീണത്.

പോക്‌സോയും ബലാത്സംഗക്കുറ്റവും റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ഫെബ്രുവരിയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചപ്പോള്‍ തന്നെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും എന്തുകൊണ്ടാണ് ഈ നിഷ്‌ക്രിയത്വമെന്നുമുള്ള കോടതിയുടെ ചോദ്യത്തിന് വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതുസമൂഹത്തോടു മറുപടി പറയേണ്ടിവരും. സിനിമാ മേഖലയിലെ സ്ത്രീകളുടെ മൊഴികള്‍ കേട്ട് ഹേമ കമ്മിഷന്‍ ഞെട്ടിയോ എന്ന് തനിക്കറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചത്. ഞെട്ടലുണ്ടായ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നോക്കാം. മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയില്‍ ഒരു നടിയുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇരകളുടെ സ്വകാര്യതയാണ് റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനും വര്‍ഷങ്ങളോളം നടപടി സ്വീകരിക്കാതിരുന്നതിനും കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകളില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പറയുമ്പോള്‍ അതിലെ കാര്യങ്ങളില്‍ നടപടി ഉണ്ടാകാന്‍ പാടില്ല എന്നല്ല അര്‍ഥം എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണു സര്‍ക്കാര്‍ നിഷ്‌ക്രിയത്വം പാലിച്ചത്, നിശബ്ദത പാലിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് ഭയപ്പെടുത്തുന്ന നിഷ്‌ക്രിയത്വമാണെന്നും കോടതി വിമര്‍ശിച്ചു.

റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പല നിയമവിദഗ്ധരും സിനിമാ മേഖലയിലെ ഇടത് അനുഭാവികളും ചൂണ്ടിക്കാട്ടിയത് ഇതു തന്നെയായിരുന്നു. ഇരയുടെ സ്വകാര്യതയുടെ പേരു പറഞ്ഞ് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതു ശരിവയ്ക്കുന്ന നിരീക്ഷണങ്ങള്‍ ഇന്നു ഹൈക്കോടതിയും ഉന്നയിച്ചതോടെ സര്‍ക്കാരിന് ഉത്തരംമുട്ടി. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കേണ്ടതുണ്ട് എന്നത് സാമാന്യകാര്യമാണ്, അതുണ്ടായില്ല. റിപ്പോര്‍ട്ടില്‍ ബലാൽസംഗം, പോക്‌സോ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സര്‍ക്കാര്‍വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോര്‍ട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഒരു പരാതിയുമായി പൊലീസിനെ സമീപിച്ചാല്‍ 4 വര്‍ഷം കഴിഞ്ഞാണോ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതെന്നും അതുപോലെയാണ് ഇക്കാര്യത്തില്‍ പെരുമാറിയത് എന്നും കോടതി ചൂണ്ടിക്കാട്ടി. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകളെക്കുറിച്ചു പഠിക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെയും കോടതി തള്ളി. ഈ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ക്ക് പരിഹാരം മറ്റൊരു കമ്മിറ്റി രൂപീകരിക്കലാകരുത് എന്ന് കോടതി നിര്‍ദേശിച്ചു.

ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഒരു റിട്ട.ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സമിതി കാസ്റ്റിങ് കൗച്ച്, നഗ്നതാ പ്രദര്‍ശനം, ലൈംഗിക ചൂഷണം, പോക്‌സോ, സൈബര്‍ ആക്രമണം തുടങ്ങി ഗുരുതരമായ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ആരെ സംരക്ഷിക്കാനാണെന്നായിരുന്നു വിമര്‍ശകര്‍ ഉന്നയിച്ച പ്രധാന ചോദ്യം. മൊഴികളും തെളിവുകളും അടക്കം എല്ലാ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറാനുള്ള കോടതി നിര്‍ദേശത്തോടെ സംരക്ഷണ കവചങ്ങള്‍ എല്ലാം പൊളിയും. കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായതിനു പിന്നാലെയാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2017 ജൂലൈ ഒന്നിന് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ.ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മുതിര്‍ന്ന നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവര്‍ അംഗങ്ങളായിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ രൂപീകരണവും കമ്മിഷന്റെ നിയമനത്തിനു കാരണമായിരുന്നു.

സിനിമാ മേഖലയിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട നിരവധി ആളുകളുമായി നേരിട്ടു സംസാരിച്ച് മൊഴികള്‍ രേഖപ്പെടുത്തി 2019 ഡിസംബര്‍ 31നാണ് കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ ഭാഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ സര്‍ക്കാര്‍ പക്ഷേ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും നടപ്പാക്കി സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പല ഭാഗത്തുനിന്നും സമ്മർദമുണ്ടായപ്പോള്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചു പഠിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ചെറിയ രീതിയിലെങ്കിലും പുറംലോകം അറിയണമെന്നും പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെയെങ്കിലും പരിഹാരം ഉണ്ടാകണമെന്നും ആഗ്രഹിച്ച സിനിമാ രംഗത്തുള്ള നിരവധി സ്ത്രീകളാണ് ഹേമ കമ്മിഷനു മുന്നില്‍ കണ്ണീരോടെ മനസ്സു തുറന്നത്.‌ സിനിമയെന്ന മായികലോകത്തിനു പിന്നിലെ അതിപ്രാകൃതമായ ദുരിത സത്യങ്ങള്‍ കേട്ട് ഞെട്ടിപ്പോയെന്നാണ് ജസ്റ്റിസ് ഹേമ തന്നെ തന്റെ റിപ്പോര്‍ട്ടില്‍ കുറിച്ചിരിക്കുന്നത്. നാടാകെ ആയിരങ്ങള്‍ ദൈവങ്ങളെപ്പോലെ ആരാധിക്കുന്ന പല വമ്പന്മാരുടെയും പൊയ്മുഖങ്ങള്‍ കമ്മിഷനു മുന്നില്‍ അഴിഞ്ഞുവീണു. കേട്ടറിഞ്ഞതും അന്വേഷിച്ചറിഞ്ഞതും എല്ലാം ചേര്‍ത്ത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. എന്നാല്‍ പിന്നീടു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അതുവരെ സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്കും മീതേ നില്‍ക്കുന്നതായിരുന്നു. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലോടെ നീതി പുലരുമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയാണ് ചൂഷണങ്ങള്‍ക്ക് ഇരയായ കലാകാരികള്‍ പങ്കുവയ്ക്കുന്നത്.

English Summary:

Hema Commission Report: Kerala High Court Slams Stand of Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com