മാമി തിരോധാനക്കേസ്: അന്വേഷണ സംഘത്തെ മാറ്റരുത്: ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ട് പി.വി. അൻവർ
Mail This Article
തിരുവനന്തപുരം∙ കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഡിജിപിയെ കണ്ടാണ് അൻവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എഡിജിപിയെ അറിയിച്ചു. മാമി തിരോധാനക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍, എംഎല്‍എ എന്ന നിലയില്‍ തനിക്കു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ട് ഇതു കൈമാറി. ഡിവൈഎസ്പി വിക്രമിന് കേസ് അന്വേഷണത്തിന്റെ അഡീഷനല്‍ ചാര്‍ജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി വിക്രമിനെ സ്ഥലംമാറ്റി. എസ്പി വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എഡിജിപിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ലോക്കല്‍ പൊലീസ് അന്വേഷണത്തിനെതിരെ മാമിയുടെ കുടുംബം രംഗത്തെത്തി. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവും കുടുംബം ഉന്നയിച്ചു. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.