ഷുക്കൂർ വധക്കേസ്: പി.ജയരാജനും ടി.വി.രാജേഷും വിചാരണ നേരിടണം; വാഗ്ദാനപ്പെരുമഴയുമായി മോദി– പ്രധാന വാർത്തകൾ
Mail This Article
അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജനും മുൻ എംഎൽഎ ടി.വി.രാജേഷും വിചാരണ നേരിടണമെന്ന സിബിഐ സ്പെഷൽ കോടതിയുടെ വിധിയും മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ ബന്ധുവായ യുവതി ആരോപണവുമായി രംഗത്തെത്തിയതുമായിരുന്നു ഇന്നത്തെ പ്രധാന വാർത്തകൾ. മുസ്‌ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും വിടുതൽ ഹർജി എറണാകുളം സിബിഐ സ്പെഷൽ കോടതിയാണ് തള്ളിയത്. കേസിൽ തങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്നായിരുന്നു ജയരാജനും രാജേഷും ഹർജിയിൽ അവകാശപ്പെട്ടിരുന്നത്. ഹർജിയെ എതിർത്തുകൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും കേസിൽ കക്ഷി ചേർന്നിരുന്നു.
നടന്മാരായ മുകേഷ്, ജയസൂര്യ എന്നിവരുൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ അടുത്ത ബന്ധു പരാതിയുമായി എത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ തന്നെ കാഴ്ചവയ്ക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.
യുവതിയുടെ ആരോപണത്തിന് മറുപടിയുമായി നടിയും രംഗത്തെത്തി. ആരോപണം രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്നാണ് നടി പറഞ്ഞത്. സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടത് യുവതിയും അമ്മയുമാണെന്നും നടി പറഞ്ഞു.
ജോലി സമ്മർദത്തെത്തുടർന്ന് യുവതി മരിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും വാർത്തകളിൽ നിറഞ്ഞു. കൊച്ചി സ്വദേശിയും ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) ജീവനക്കാരിയുമായ അന്ന സെബാസ്റ്റ്യന്റെ മരണം ജോലി ഭാരം കാരണമാണെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ അനുശോചനം അറിയിച്ച് അന്നയുടെ കുടുംബത്തിന് ഇവൈ കത്തയച്ചു.
കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുൾപ്പെടെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാൽ കുടുംബത്തിലെ പ്രായമായ സ്ത്രീകൾക്ക് വർഷം 18,000 രൂപയുൾപ്പെടെ കൈനിറയെ വാഗ്ദാനങ്ങളാണ് മോദി നൽകിയിട്ടുള്ളത്.