ഭീതിയൊഴിയാതെ ലബനൻ: വ്യോമാക്രമണം നടത്തി ഇസ്രയേൽ; യുദ്ധപ്രഖ്യാപനമെന്ന് ഹിസ്ബുല്ല തലവൻ
Mail This Article
ബെയ്റൂട്ട് ∙ പേജർ, വോക്കിടോക്കി സ്ഫോടന പരമ്പരകൾ ഉലച്ച ലബനനിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഹിസ്ബുല്ല സംഘടനയുടെ സെക്രട്ടറി ജനറൽ ഹസ്സൻ നസ്രല്ല ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനു മുൻപായിരുന്നു തെക്കൻ ലബനനിൽ ആക്രമണം. യുദ്ധ പ്രഖ്യാപനമാണിതെന്ന് ഹസ്സൻ നസ്രല്ല പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സ്ഫോടനങ്ങളിൽ 25 പേരാണ് കൊല്ലപ്പെട്ടത്. 600ഓളം പേർക്ക് പരുക്കേറ്റു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംശയകരമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലബനൻ സൈന്യം നശിപ്പിച്ചു തുടങ്ങി.
പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ ഇസ്രയേൽ നടത്തിയതാണെന്ന് ഹസ്സൻ നസ്രല്ല ആരോപിച്ചു. അയ്യായിരത്തോളം പേരെയാണ് രണ്ടു ദിവസം കൊണ്ട് വധിക്കാൻ ഇസ്രയേല്‍ ശ്രമിച്ചത്. നിരവധി പേജറുകൾ സർവീസിൽ ഉണ്ടായിരുന്നില്ല. ചിലത് സ്വിച്ച് ഓഫ് ആയിരുന്നു. മറ്റു ചിലത് വിതരണം ചെയ്തിരുന്നില്ല. അതിനാൽ കൂടുതൽ മരണങ്ങളും പരുക്കുകളും ഒഴിവായി. സ്ഫോടനങ്ങളിലൂടെ കൂട്ടക്കൊലയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും ജനങ്ങൾക്ക് പിന്തുണ നൽകുന്നത് സംഘടന തുടരുമെന്നും ഹസ്സൻ നസ്രല്ല പറഞ്ഞു.
ഇസ്രയേൽ എല്ലാ പരിധികളും നിയമങ്ങളും ചുവന്ന വരകളും ലംഘിച്ചിരിക്കുകയാണെന്നും ഹസൻ നസ്റുള്ള പറഞ്ഞു. ഗാസയിൽ വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടരും. വടക്കുഭാഗത്ത് കുടിയിറക്കപ്പെട്ട ഇസ്രയേലികളെ തിരിച്ചുവരാൻ അനുവദിക്കില്ല. സൈനിക നടപടികളും, കൊലപാതകങ്ങളും, യുദ്ധവും ഇല്ലാതായാൽ മാത്രമേ അതിനു സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ‘ നിങ്ങൾ ഞങ്ങളെ വെല്ലുവിളിച്ചു. നെതന്യാഹുവിനും ഗലാന്റിനും ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. വടക്കൻ മേഖലയിലേക്ക് നിങ്ങൾക്ക് ജനങ്ങളെ തിരികെ കൊണ്ടുവരാനാകില്ല. ഗാസയിലും വെസ്റ്റ് ബാങ്കിലും അതിക്രമങ്ങൾ അവസാനിപ്പിച്ചാലേ അതിനു കഴിയൂ. അതാണ് ഒരേയൊരു വഴി’’–ഹസൻ നസ്റുല്ല പറഞ്ഞു.
ഉപകരണങ്ങളിലെ സ്ഫോടനം അപ്രതീക്ഷിതമായിരുന്നു. സ്ഫോടനങ്ങളെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലെബനന്റെ ചരിത്രത്തിലെ വലിയ തിരിച്ചടിയുണ്ടായി. ഇസ്രയേൽ പ്രതീക്ഷിക്കുന്നതും അല്ലാത്തതുമായ തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാകും. സ്ഥലവും സമയവും താനിപ്പോൾ പറയുന്നില്ലെന്നും ഹസൻ നസ്റുല്ല പറഞ്ഞു.
ലബനനിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദശേഷിയും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു. വർഷങ്ങളായി, ഹിസ്ബുല്ല സാധാരണക്കാരുടെ വീടുകൾ ആയുധപ്പുരകളാക്കുകയും അവരെ മനുഷ്യ കവചമാക്കുകയും ചെയ്യുകയാണ്. ഇതാണ് തെക്കൻ ലബനനെ യുദ്ധമേഖലയാക്കിയതെന്നും ഇസ്രയേൽ സൈന്യം വ്യക്തമാക്കി.
പേജറുകളിലും വോക്കി ടോക്കികളിലും സോളർ ബാറ്ററികളിലും കാർ ബാറ്ററികളിലുമായിരുന്നു ബുധനാഴ്ച പൊട്ടിത്തെറിയുണ്ടായത്. ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനനിലും സിറിയയിലും വിവിധ സ്ഥലങ്ങളിൽ ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളിൽ മൂവായിരത്തോളം പേജറുകൾ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോർട്ട്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന സ്ഥാപനമാണ് തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ എആർ 924 എന്ന പേജറുകൾ നിർമിച്ചത്. 2022 മേയിലാണ് ഈ കമ്പനി നിലവിൽ വന്നത്. ട്രേഡ്മാർക്ക് ഉപയോഗിക്കാൻ മാത്രം അനുമതി നൽകിയിരുന്നതായും പേജറിന്റെ രൂപകൽപനയും നിർമാണവും വിതരണവും പൂർണമായി ഹംഗേറിയൻ കമ്പനിയുടേതാണെന്നും ഗോൾഡ് അപ്പോളോ വ്യക്തമാക്കിയിരുന്നു.