നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
Mail This Article
മലപ്പുറം∙ നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. മലപ്പുറം ജില്ലയില്‍ എം പോക്സ് രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് പിടിപെട്ട വൈറസിന്റെ വകഭേദം കണ്ടെത്താൻ ജീനോം സീക്വന്‍സിങ് നടത്തും. എം പോക്‌സ് ബാധിച്ച രോഗിയുടെ നില തൃപ്തികരമാണ്. എം പോക്സ് രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണുള്ളത്.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് പുതുതായി രണ്ടു പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. രോഗലക്ഷണങ്ങളുമായി രണ്ടു പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായി. ഇവര്‍ അടക്കം 6 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.
എം പോക്സ് വൈറസിന്റെ 2 ബി വകഭേദത്തിന് വ്യാപന ശേഷി കുറവാണെന്നു മന്ത്രി പറഞ്ഞു. എന്നാല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ 1 ബി വൈറസ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. വൈറസിന്റെ വകഭേദം കണ്ടെത്തിയാല്‍ വ്യാപന ശേഷി മനസ്സിലാക്കി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാകും. നിപ്പയുടെയും എം പോക്‌സിന്‍റെയും കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.