ADVERTISEMENT

താമരശ്ശേരി∙ നഗ്നപൂജയ്ക്ക് നിർബന്ധിച്ച സംഭവത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ച് യുവതി. കുടുംബപ്രശ്നം പരിഹരിക്കാൻ, ബാധ ഒഴിപ്പിക്കാൻ നഗ്നപൂജ നടത്തണമെന്ന് നിർബന്ധിച്ചതിന്റെ പേരിൽ യുവതിയുടെ പരാതിയിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിവാരം മേലെ പൊട്ടിക്കൈയിൽ പി.കെ.പ്രകാശൻ (46), അടിവാരം വാഴയിൽ വി.ഷമീർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നപൂജയ്ക്ക് വിസമ്മതിച്ച യുവതിയെ ഭർത്താവ് ഇതിനുവേണ്ടി നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുവതി പരാതി നൽകിയത്.

റിമാൻഡിലായ പ്രതികൾ പുറത്തിറങ്ങിയാൽ വീട്ടിൽനിന്നു പുറത്താക്കുമെന്നും ഭീഷണിയുണ്ടെന്നും അറിയിച്ചാണ് ലീഗൽ സർവീസ് സൊസൈറ്റിയുടെ സഹായത്തോടെ പൊലീസിനെ സമീപിച്ചത്. ഭർത്താവിന്റെ സുഹൃത്തായ പ്രകാശനാണ് ഭർത്താവിന്റെമേൽ ബാധയുണ്ടെന്നും ഒഴിപ്പിക്കാൻ നഗ്നപൂജ വേണമെന്നും ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു. മുൻപ് പലയിടത്തും ഇത്തരം പൂജ നടത്തി ബാധ ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞത്രെ.

സ്വാമിയാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രകാശൻ പുട്ടുകുടത്തിൽ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താൻ പൊടി കലക്കി. ദേഹത്ത് കയറിയ ബാധയുടെ രക്തമാണെന്ന് പറഞ്ഞു. ബാധയുടെ ശക്തികൊണ്ടാണ് ഭർത്താവുമായി സംഘർഷമെന്നും അഭിപ്രായപ്പെട്ടു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണ് കലഹത്തിന് കാരണമെന്ന് യുവതി പറഞ്ഞു. 

വിവാഹം കഴിഞ്ഞ് നാലുവർഷമായി. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഇരുവരും തമ്മിൽ കലഹമായിരുന്നുവെന്നും യുവതിയെ സ്ഥിരമായി ഭർത്താവ് മർദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പ്രശ്നത്തിൽ നിരവധി തവണ നാട്ടുകാർ ഇടപെട്ടതാണ്. രണ്ട് കുട്ടികളുള്ള യുവതി മൂന്നു മാസം ഗർഭിണിയാണ്. നിലവിൽ ബന്ധുവിന്റെ വീട്ടിലാണ് യുവതി താമസിക്കുന്നത്. ഒരാഴ്ചയായി നഗ്നപൂജയ്ക്കായി നിർബന്ധിക്കുകയാണെന്നും ശല്യം സഹിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി വ്യക്തമാക്കി.

English Summary:

Exorcism Hoax Revealed: Woman Exposes Husband's Infidelity Behind Family Conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com