മരംമുറി വിവാദം: സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം, കേസെടുക്കില്ല
Mail This Article
തിരുവനന്തപുരം∙ മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും.
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. എഡിജിപി എം.ആര്‍. അജിത്കുമാറിനെ കുറിച്ചും മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസ് സേനയ്ക്ക് അപമാനമായെന്നു വിലയിരുത്തിയായിരുന്നു സസ്പെൻഷൻ.
എസ്പി ക്യാംപ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോ ആണ് പുറത്തായത്. എസ്പിയുടെ ക്യാംപ് ഹൗസില്‍നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് അൻവറിനെ സ്വാധീനിക്കാന്‍ സുജിത് ശ്രമിച്ചത്. എസ്പിയുടെ ക്യാംപ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണു കണ്ടെത്തൽ.