റിൻസന്റെ കമ്പനിക്കു സ്ഫോടനവുമായി ബന്ധമില്ല, അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല: ബൾഗേറിയ
Mail This Article
സോഫിയ ∙ ലെബനനിൽ ഹിസ്ബുല്ല നേതാക്കളടക്കം കൊല്ലപ്പെട്ട പേജർ സ്ഫോടനങ്ങളിൽ മലയാളി റിൻസൻ ജോസിന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനു പങ്കില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസി. ലെബനൻ ആക്രമണത്തിൽ ഉപയോഗിച്ച പേജറുകളൊന്നും നോർട്ടയോ മറ്റു കമ്പനികളോ ബൾഗേറിയയിലേക്ക് ഇറക്കുമതി ചെയ്യുകയോ അവിടെനിന്നു കയറ്റുമതി ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ബൾഗേറിയയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയായ ഡിഎഎൻഎസ് പറഞ്ഞു. റിൻസനോ നോർട്ടയോ പേജറുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല. റിൻസൻ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ഡിഎഎൻഎസ് വ്യക്തമാക്കി.
ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന നോർവേ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ലബനനിലെ ഹിസ്ബുല്ല സംഘടനയ്ക്കായി പേജർ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇദ്ദേഹത്തിന്റെ കമ്പനി ഉൾപ്പെട്ടതായ സംശയത്തെ തുടർന്നായിരുന്നു പരിശോധന.
തയ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ബിഎസി കൺസൽറ്റിങ് കെഎഫ്ടി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പേജറുകൾ നിർമിച്ചത്. ഈ പേജറുകൾ വാങ്ങാനുള്ള പണം മലയാളിയുടെ കമ്പനി ഹംഗറി കമ്പനിക്ക് കൈമാറിയെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.