ADVERTISEMENT

കൊല്ലം ∙ മൈനാഗപ്പള്ളി ആനൂർകാവിൽ, ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്തു കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ ഡ്രൈവർ അജ്മലും സഹയാത്രിക ഡോ. ശ്രീക്കുട്ടിയും അ‌പകടത്തിന്റെ തലേന്ന് ഹോട്ടൽമുറിയിൽവച്ചു രാസലഹരി ഉപയോഗിച്ചെന്ന് പൊലീസിന്റെ കണ്ടെത്തൽ. കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഇവർ ഒരുമിച്ചു താമസിച്ചെന്നും എംഡിഎംഎ ഉപയോഗിച്ചെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി. മുറിയിൽനിന്ന് ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ട്യൂബും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റു രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

ഒന്നാം പ്രതി അജ്മലിനെയും രണ്ടാംപ്രതി ശ്രീക്കുട്ടിയെയും ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ ലഹരിക്ക് അടിമകളാണെന്നും ഇവർക്കു രാസലഹരി ലഭിച്ചതിന്റെ ഉറവിടം കണ്ടെത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

തിരുവോണ ദിവസം ഒരു സുഹൃത്തിന്റെ വീട്ടിൽവച്ചു മദ്യപിച്ച ശേഷം മടങ്ങുംവഴിയാണ് അജ്മലും ശ്രീക്കുട്ടിയും സ‍ഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രിക മൈനാഗപ്പള്ളി ആനൂർക്കാവിൽ പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) കൊല്ലപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാറിടിച്ച് റോഡിൽ‌ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ പ്രതികൾ വീണ്ടും കാറോടിച്ചു കയറ്റുകയായിരുന്നു. അവിടെനിന്നു കടന്ന പ്രതികളെ നാട്ടുകാർ പിന്തുടർന്നു തടഞ്ഞ് പൊലീസിനു കൈമാറി. അജ്മലും ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നുവെന്നു വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. പ്രതികൾ രാസലഹരി ഉപയോഗിച്ചിരുന്നുവെന്നു സംശയിക്കുന്നതായും പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു.

English Summary:

Hit-and-Run in Kollam: Driver, Passenger Used Drugs Before Fatal Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com