ADVERTISEMENT

മേപ്പാടി∙ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയാണ് നിരവധി പേർക്ക് ഇനിയും ലഭിക്കാനുള്ളത്. 745 പേർക്കാണ് സർക്കാർ 10,000 രൂപ അനുവദിച്ചത്. ഇതിൽ മുന്നൂറ്റമ്പതോളം പേർക്ക് ഇനിയും തുക ലഭിക്കാനുണ്ട്. രണ്ടു ദിവസം മുമ്പും തുക അനുവദിക്കാത്തതിൽ പ്രതിഷേധം നടത്തിയിരുന്നു. 

ദുരിത ബാധിതരല്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തതെന്നാണ് ലഭിക്കുന്ന വിവരം. നീലിക്കാപ്പ്, പഴയവില്ലേജ് റോഡ്, മാട്ടറക്കുന്ന്, പുതിയ വില്ലേഡ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. എന്നാൽ ദുരന്തം സാരമായി ബാധിച്ചവരാണ് ഈ പ്രദേശത്തുള്ളവർ. ഇവരാണ് സിപിഎമ്മിന്റെ േനതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.      

ഉരുൾപൊട്ടൽ ദുരന്തബാധിതരായവർക്കുള്ള ധനസഹായത്തിൽ വലിയ അപകതകളാണ് വന്നിരിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ ദുരിതത്തിലായവരിൽ പലർക്കും സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ പട്ടിക തയാറാക്കുന്നതിൽ തുടക്കം മുതലെ വീഴ്ച പറ്റിയെന്ന് ചൂരൽമല വാർഡ് മെംബർ നൂറുദ്ദീൻ പറഞ്ഞു. ഉരുൾപൊട്ടലിൽ വീടുൾപ്പെടെ സകലതും നഷ്ടമായവരെ ബന്ധുക്കളും മറ്റും കൂട്ടിക്കൊണ്ടുപോയി. വലിയ നാശം സംഭവിക്കാത്തവരാണ് ക്യാംപുകളിൽ കഴിഞ്ഞത്.

ക്യാംപിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി രേഖപ്പെടുത്തി. എന്നാൽ വീടുകളിലേക്ക് മാറിത്താമസിച്ചവരുടെ പേരുകൾ ചേർക്കുന്നതിൽ വീഴ്ച പറ്റി. പ്രദേശിക നേതാക്കളുടെ സഹായത്തോടെ പട്ടിക തയാറാക്കണമെന്ന് തുടക്കം മുതൽ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പുറത്തുനിന്നുവന്ന ഉദ്യോഗസ്ഥരാണ് പട്ടിക തയാറാക്കിയത്. ദുരിതം കൂടുതൽ ബാധിച്ചവരെ തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി.

പ്രതിദിനം 300 രൂപ വീതം നൽകുന്നതിലും ഇതേ പാളിച്ച വന്നിട്ടുണ്ട്. ദുരിത ബാധിതർ നിരന്തരം പരാതിപ്പെടുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയാണെന്നും നൂറുദ്ദീൻ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം കണ്ടെത്തുന്ന കാര്യത്തിലും സർക്കാർ തീരുമാനം ആയില്ല. മേപ്പാടിയിലും കൽപറ്റയിലും സ്ഥലം പരിഗണനയിലുണ്ട്. അതേ സമയം സന്നദ്ധ സംഘടകളും മറ്റും സ്വന്തം നിലയ്ക്ക് സ്ഥലം കണ്ടെത്തി വീടു നിർമാണം ആരംഭിച്ചു.

English Summary:

CPM besieged Meppadi panchayat secretary for non-disbursement of financial assistance announced by government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com