ഏഷ്യൻ പവർ ഇൻഡക്സ്: ജപ്പാനെയും പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്
Mail This Article
ജപ്പാനെ പിന്തള്ളി ഏഷ്യൻ ശാക്തിക ഇൻഡക്സിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിലാണ് ചൈനയും യുഎസും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മികച്ച വളരുന്ന സമ്പദ്ഘടന എന്ന പദവിക്കു തുല്യമായ ഈ സ്ഥാനത്തേക്ക് ഇന്ത്യ എത്തിയ വിവരം സർക്കാർ രാജ്യത്തോടു പങ്കുവച്ചത്.
വരും ദിവസങ്ങളിൽ, ഭാവിയിലേക്കുള്ള അടുത്ത ചുവടുകൾ വയ്ക്കുന്നതിന് ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും കേന്ദ്ര സർക്കാരിനു വഴിവെളിച്ചമാകാനും സാധ്യതയുണ്ട്. വിദേശനയം ഉൾപ്പെടെ ആധുനിക ഇന്ത്യയുടെ പുതുയുഗപ്പിറവിക്ക് ഇതു കരുത്തേകും. ഓസ്ട്രേലിയയിലെ ലോവൈ ഇൻസ്റ്റിറ്റ്യൂട്ടാണ് ഏഷ്യ പവർ ഇൻഡക്സ് പ്രസിദ്ധീകരിക്കുന്നത്.
100 ൽ 39.1 പോയിന്റ് നേടി 27 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. ജപ്പാനെക്കാൾ 2.8 പോയിന്റ് കൂടുതലായി സ്കോർ ചെയ്താണ് 2024 ലെ പട്ടികയിൽ ഇന്ത്യ തിളക്കം കൂട്ടിയത്. സാമ്പത്തിക വിഭവനില, സൈനിക ശേഷി, വിദേശകാര്യ ബന്ധങ്ങൾ, സാംസ്കാരിക മുദ്രകൾ, ഭാവിയിലേക്കുള്ള വിഭവങ്ങളുടെ കരുതൽ ശേഖരം തുടങ്ങിയ പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഏഷ്യൻ പവർ ഇൻഡക്സ് തയാറാക്കുന്നത്.
മേഖലയിലെ സുപ്രധാന സഖ്യകക്ഷി എന്ന നിലയിൽ അയൽരാജ്യങ്ങളുടെ ആദരവ് ലഭിക്കുന്നതു മുതൽ സൈനിക രംഗത്തു കൈവരിക്കുന്ന നേട്ടങ്ങൾ വരെ ഈ അളവുകോലിന്റെ പരിഗണനയിൽ വരും. സാങ്കേതിക രംഗത്തും ഉൽപ്പാദന മേഖലയിലും ഓരോ വർഷവും ഇന്ത്യ അടിക്കടി കൈവരിച്ചുക്കുന്ന വളർച്ചയാണ് ഈ ഇൻഡക്സിലൂടെ വ്യക്തമാകുന്നതെന്ന് വിദഗ്ധർ പറയുന്നു.
അടുത്ത ഏതാനും പതിറ്റാണ്ടുകളിൽ കൂടി ഇന്ത്യ കൈവരിക്കാൻ പോകുന്ന വലിയ വളർച്ചയുടെ ആദ്യ പടികളാണ് ഇതെന്നും പറയാം. കാരണം ജനസംഖ്യയിലെ ചെറുപ്പക്കാരുടെ എണ്ണം ലോകത്തു തന്നെ ഏറ്റവുമധികം ഉള്ള രാജ്യം ഇന്ത്യയാണ്. ഉൽപ്പാദന രംഗത്തെ വളർച്ചയെ വരും കാലങ്ങളിലും ഇതു ത്വരിതപ്പെടുത്തും. ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക സൈനിക ശക്തിയാണെന്ന് ഇന്ത്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു.
ബ്രഹ്മോസ് മിസൈൽ ഉൾപ്പെടെ സൈന്യത്തെ ആധുനികമാക്കുന്നതിലും ലോകോത്തര സാങ്കേതികവിദ്യ സൈന്യത്തിനു എത്തിച്ചുകൊടുക്കുന്നതിനും ഇന്ത്യ കാട്ടുന്ന വ്യഗ്രതയും താൽപ്പര്യവും ഈ സ്ഥാനക്കയറ്റത്തിനു പിന്നിലെ നിർണായക ഘടകമാണ്. നയതന്ത്ര രംഗത്തെ ഇന്ത്യയുടെ മികച്ച പ്രകടനമാണ് മറ്റൊരു ഘടകം. ആഗോള തലത്തിലുള്ള സാന്നിധ്യം വർധിപ്പിക്കാൻ ഇന്ത്യ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തുന്ന പരിശ്രമം വിജയം കണ്ടതിന്റെ സൂചന കൂടിയാണ് ഏഷ്യൻ പവർ ഇൻഡക്സിലെ പുതിയ തിളക്കം. യുഎൻ, ജി20, ബ്രിക്സ്, ക്വാഡ് തുടങ്ങിയ രാജ്യാന്തര സംഘടനകളിലെ കരുത്തുറ്റ ശബ്ദമാണ് ഇന്ത്യ.
ബഹിരാകാശ മേഖലയിലും സൗരോർജ പദ്ധതികളിലും നടത്തിയ മുന്നേറ്റവും ആധുനിക കാഴ്ചപ്പാടുള്ള രാജ്യമെന്ന് പേരെടുക്കാൻ ഈ കാലയളവിൽ ഇന്ത്യയെ സഹായിച്ചു. വിവര സാങ്കേതിക വിദ്യയിലും നിർണായക ശക്തിയാണ്. ഡിജിറ്റൽ ഇന്ത്യയെന്നാൽ ഏറ്റവും കരുത്തുറ്റ രാജ്യമെന്നതിന്റെ മറുപേരായി മാറി.
ഗൂഗിൾ ഉൾപ്പെടെ വമ്പന്മാർ നിർമിതബുദ്ധിയുടെ വൻ സാധ്യതകളുടെ പരീക്ഷണവേദിയാക്കാൻ പോകുന്നതും ഈ രാജ്യത്തെത്തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസം സമാപിച്ച യുഎസ് പര്യടനത്തിൽ നിന്നു വ്യക്തമായി. വിദേശ ഇന്ത്യക്കാരെന്ന നമ്മുടെ സഹോദരങ്ങൾ തന്നെയാണ് മറ്റൊരർഥത്തിൽ പറഞ്ഞാൽ ഈ രാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നതെന്നതിൽ സംശയമില്ല.
ലോകത്തെ ഇരുനൂറിലേറെ രാജ്യങ്ങളിലും ഇന്ത്യക്കാരൻ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇന്ത്യക്കാരൻ എന്നാൽ ഇന്ന് വിശ്വപൗരനാണ്. കഴിവും കലയും നന്നായി ഉപയോഗിക്കാൻ അറിയാമെന്നതും വൈദ്യശാസ്ത്രം, ഗവേഷണം തുടങ്ങി വിദ്യാഭ്യാസ മേഖലയിലും ഒന്നാം നമ്പറായി ഇന്ത്യക്കാർ മാറുന്നു എന്നതിന് തെളിവാണ് രാജ്യാന്തര രംഗത്ത് ലഭിക്കുന്ന അംഗീകാരങ്ങൾ.
ലോകത്തെ പല രാജ്യങ്ങളുടെയും ഭരണസമിതികളിൽ ഇന്ത്യക്കാർ ഇന്ന് അവിഭാജ്യ ഘടകമാണ്. യുഎസ് തിരഞ്ഞെടുപ്പായാലും ഓസ്ട്രേലിയൻ തിരഞ്ഞെടുപ്പായാലും ഒരു മലയാളിയോ പഞ്ചാബിയോ ഇല്ലാത്ത ഇടങ്ങൾ കുറയും. യോഗയിലൂടെയും ബോളിവുഡിലൂടെയും ഉൾപ്പെടെ ലഘുവായും ലളിതമായുമാണ് ഇന്ത്യ ലോകത്തിന്റെ നെറുകയിലേക്കു മെല്ലെ പിടിച്ചു കയറുന്നത്.
ജപ്പാനെ പിന്നോട്ടടിച്ചത് പ്രധാനമായും ജനസംഖയിലുണ്ടായ കുറവാണ്. സൈനിക രംഗത്തും പിന്നാക്കം പോയതായി ഇൻഡക്സ് വിലയിരുത്തുന്നു. രണ്ടാം ലോക യുദ്ധത്തിൽ തലയെടുപ്പോടെ മുന്നേറിയ ജപ്പാൻ സൈന്യത്തിന്റെ ശക്തി പലപ്പോഴും വല്യേട്ടനായ ചൈനയ്ക്കു മുന്നിൽ ചോരുന്നു. ലോകത്തിന്റെ വൻശക്തിയായി മാറാനുള്ള എല്ലാ സാധ്യതകളും ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് ഈ ഇൻഡക്സ് നൽകുന്ന ദിശാസൂചന. 2030 ആകുമ്പോഴേക്കും ജോലി ചെയ്യുന്ന യുവാക്കൾ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയായിരിക്കും. അന്ന് ലോകത്തിന്റെ വളർച്ചാ യന്ത്രം പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയാകും.
ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവി ഇന്ത്യയ്ക്കു പകരുന്ന രാജ്യന്തര പകിട്ട് ചില്ലറയൊന്നുമല്ല. കാത്തു സൂക്ഷിക്കുന്ന ജനാധിപത്യം നമ്മുടെ ഏറ്റവു വലിയ അഭിമാനമായി മാറുന്ന കാലമാണ് വരാൻ പോകുന്നത്. യുഎസ്, ഓസ്ട്രേലിയ, യുറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ വാക്കിനു ചെവിയോർക്കുന്നു.
മേക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയവ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആണെന്നു പറയാമെങ്കിലും അവ സൃഷ്ടിക്കുന്ന അനുകൂല തരംഗങ്ങൾ ഭാവിയിലേക്കുള്ള താക്കോലായി മാറുന്ന സ്ഥിതിവിശേഷമാണ്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട കരാറുകൾ പാലിക്കുന്നതിലും നടപ്പാക്കുന്നതിലും ലോകത്തെ ഏതൊരു രാജ്യത്തേക്കാളും ഇന്ത്യ ഇന്ന് മുൻപന്തിയിലാണ്.
ആഭ്യന്തര പ്രശ്നങ്ങളും അതിർത്തിയിലെ സംഘർഷങ്ങളും ഉൾപ്പെടെ പല വെല്ലുവിളികൾ ഉണ്ടെങ്കിലും വരാൻ പോകുന്നത് ഇന്ത്യ സാരെ ജഹാം സേ അച്ഛാ എന്ന പേര് അന്വർഥമാക്കുന്ന കാലമാണ്. ഏഷ്യ– പസിഫിക് മേഖലയിലെ ഏകദേശം 27 രാജ്യങ്ങളെ ഉൾപ്പെടുത്തി 2018 മുതൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് ഏഷ്യ പവർ ഇൻഡക്സ്. ഓസ്ട്രേലിയ ആസ്ഥാനമായ സ്വതന്ത്ര ഗവേഷണ സംഘടനയായ ലോവി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.