ജമ്മു കശ്മീരിലെ കഠ്വയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു, രണ്ടു ഭീകരരെ വധിച്ചു
Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു ഭീകരരുമായുള്ള ഏറ്റുമുട്ടൽ. ഇതിനിടെയാണ് ജമ്മു കശ്മീർ പൊലീസ് സേനയിലെ ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദാണ് കൊല്ലപ്പെട്ടത്.
പൊലീസ് സേനയിലെ ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷാ സേനകൾ സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. കഠ്‌വ ജില്ലയിലെ കോഗ്– മണ്ഡലി ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. ഗ്രാമത്തിലെ ഒരു വീടിനുള്ളിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന മേഖലയിൽ എത്തിയത്. തുടർന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പുണ്ടാകുകയായിരുന്നു.