ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാവ് കൊല്ലപ്പെട്ടു; ആക്രമണം രൂക്ഷം
Mail This Article
ബെയ്റൂട്ട്∙ ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഫത്ത ഷെരിഫ് അൽ അമിൻ ആണ് കൊല്ലപ്പെട്ടത്. പലസ്തീൻ അഭയാർഥി ക്യാംപിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ഇസ്രയേൽ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണത്തിൽ നിരവധി ഹിസ്ബുല്ല നേതാക്കളെ വധിച്ചതിനു പിന്നാലെയാണ് ഹമാസ് നേതാക്കളെയും ഇസ്രയേൽ ലക്ഷ്യമിട്ടിരിക്കുന്നത്.
ബെയ്റൂട്ടിലെ താമസ സമുച്ചയത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഹിസ്ബുല്ലയുമായുള്ള 2006ലെ യുദ്ധത്തിനുശേഷം ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്. ലബനനിലെ ഹിസ്ബുല്ല പ്രവർത്തകരെ ലക്ഷ്യമിട്ട് ഇസ്രയേൽ രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച നടന്ന ആക്രമണത്തിൽ നൂറിനു മുകളിൽ ആളുകൾ കൊല്ലപ്പെട്ടതായും 350പേർക്കു പരുക്കേറ്റതായും ലബനൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.