പിന്നിലൂടെ വന്ന് വനിതാ ഡോക്‌ടറുടെ കഴുത്ത് ഞെരിച്ചു, അക്രമം പാചകത്തിനിടെ; അക്രമി അറസ്റ്റിൽ
Mail This Article
കലവൂർ ∙ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വനിതാ ഡോക്ടറെ പിന്നിലൂടെയെത്തി കഴുത്ത് ഞെരുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. ആപ്പൂർ സ്വദേശി സുനിലിനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
രാവിലെ ദേശീയപാതയോരത്ത് കലവൂർ കൃപാസനത്തിന് സമീപം വാടകവീട്ടിലായിരുന്നു ആക്രമണം. ആലപ്പുഴ ജില്ലാ ജനറൽ ആശുപ്രതിയിലെ ഡോക്ടറായ ഇവർ രാവിലെ പാചകം ചെയ്യുന്നതിനിടെയാണ് അക്രമി മതിൽചാടി അകത്തു കയറിയത്. അടച്ചിട്ടിരുന്ന വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തു കയറിയ ഇയാൾ അടുക്കളയിൽ എത്തി പിന്നിലൂടെ ഡോക്‌ടറുടെ കഴുത്ത് ഞെരിക്കുകയായിരുന്നു.
ശ്വാസം നിലച്ച അവസ്‌ഥയിലായിരുന്ന ഡോക്‌ടർ ഇതിനിടെ അവിടെയുണ്ടായിരുന്ന സ്‌പൂൺ ഉപയോഗിച്ച് ഇയാളെ കുത്തുകയും പിടിത്തം അയഞ്ഞതോടെ ശബ്ദം ഉണ്ടാക്കുകയുമായിരുന്നു. അടുത്ത മുറിയിലുണ്ടായിരുന്ന ഡോക്‌ടറായ ഭർത്താവ് ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്ന ആയുധങ്ങളെടുത്ത് പ്രതി പാഞ്ഞടുത്തു.
ഇതിനിടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. മണ്ണഞ്ചേരി പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. അമിതമായി ലഹരി ഉപയോഗിച്ച അവസ്‌ഥയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.