ഓളപ്പരപ്പിൽ അലയടിക്കുന്ന ഗാന്ധിജി; ഇത്തവണയും വ്യത്യസ്ത ചിത്രമൊരുക്കി മഞ്ചേഷ് മോഹൻ
Mail This Article
കോട്ടയം∙ ചങ്ങനാശേരി കരയും ആകാശവും പിന്നിട്ടു... ഇത്തവണ മഹാത്മാഗാന്ധിയെ ജലത്തിൽ ഒരുക്കി മഞ്ചേഷ് മോഹൻ. ഗാന്ധിജയന്തി ദിനങ്ങളിൽ വ്യത്യസ്‌തമായ ഗാന്ധി ചിത്രങ്ങൾ ഒരുക്കി പ്രശസ്‌തനായ പെരുന്ന സ്വദേശി മഞ്ചേഷ് മോഹൻ ഇത്തവണയും പതിവു തെറ്റിച്ചില്ല. ദേശീയപതാകയുടെ ത്രിവർണനിറമാർന്ന മഹാത്മാഗാന്ധിയുടെ ചിത്രം ജലാശയത്തിൽ ഒരുക്കി വിസ്‌മയം തീർത്തിരിക്കുകയാണ് മഞ്ചേഷ്. പെരുന്ന സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപമുള്ള വെള്ളം നിറഞ്ഞ പാടത്ത് 1000 ചതുരശ്രഅടിയിൽ വൃത്താകൃതിയിലാണ് ഗാന്ധി ചിത്രം ഒരുക്കിയത്.
കൊറിഗേറ്റഡ് ഷീറ്റുകളിൽ വാട്ടർ കളർ ഉപയോഗിച്ചാണ് ചിത്രം വരച്ചത്. 80 പീസുകളിലാണു വരച്ചത്. വെള്ളത്തിൽ പൊങ്ങി കിടക്കാൻ പോളിഫോം ഷീറ്റ് പീസുകൾക്കടിയിൽ ഒട്ടിച്ചെടുത്തു. പിന്നീട് ഓരോ ഭാഗങ്ങളും എസ്ആർ പശ ഉപയോഗിച്ചു കുട്ടിയോജിപ്പിച്ചതോടെ ഗാന്ധി ചിത്രം പൂർണം. മഞ്ചേഷിന്റെയും സഹപ്രവർത്തകരുടെയും ഏഴു ദിവസത്തെ അധ്വാനമാണ് ഇതിനു പിന്നിലുള്ളത്. ഓളം വെട്ടിയൊഴുകുന്ന വെള്ളത്തിൽ ത്രിവർണ നിറത്തിലുള്ള ഗാന്ധിചിത്രത്തിന്റെ ആകാശദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഫൊട്ടോഗ്രഫർമാരായ മാർട്ടിൻ ജോസഫ്, സുജിത് പത്മാസ്, അസിസ്റ്റന്റ് രാഹുൽ തെക്കേടത്ത്, കുട്ടി ജോസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു. മുൻപ് നൈലോൺ നൂലിൽ ഫോറക്സ് ഷീറ്റിൽ വരച്ച ഗാന്ധി ചിത്രം മാനത്ത് ഉയർത്തിനിർത്തിയിട്ടുണ്ട്. ഓട്ടോകൾക്കു മുകളിലും, ഇരുമ്പ് പൈപ്പുകളിൽ തകിട് പല ആകൃതിയിൽ മുറിച്ചെടുത്തു പ്രതിമ പോലുള്ള ഗാന്ധി ചിത്രം, 30,633 പ്ലാസ്‌റ്റിക് കുപ്പി അടപ്പുകൾ ചേർത്തുള്ള ഗാന്ധി ചിത്രം തുടങ്ങി കരയിലും ആകാശത്തിലും ഇപ്പോൾ ജലത്തിലും ഗാന്ധി ചിത്രം ഒരുക്കിയിരിക്കുകയാണ് ആർട്ടിസ്റ്റ് കൂടിയായ മഞ്ചേഷ് മോഹൻ.
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമ ആർട്ട് ഡയറക്‌ടർ മനു പെരുന്ന സഹോദരനാണ്. പ്രശസ്‌ത കലാകാരൻ പരേതനായ മോഹൻ പെരുന്നയുടെ മകനാണ്,